മിഷൻ ശക്തി കാമ്പയിൻ്റെ ഭാഗമായി സുരക്ഷാ പരിശോധന നടത്തുകയായിരുന്നുവെന്നും, കുട്ടികളുടെ കുടുംബവുമായി സംസാരിച്ച് വിവരങ്ങൾ ഉറപ്പുവരുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥ മഞ്ജു സിംഗ് വിശദീകരിച്ചു.

ലഖ്‌നൗ: ക്ഷേത്രപരിസരത്ത് കറങ്ങുകയായിരുന്ന ഒരു കൂട്ടം കൗമാരക്കാരെ വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ ശീതള മാതാ ക്ഷേത്ര പരിസരത്ത് വെച്ചാണ് സംഭവം. വനിതാ പോലീസ് ഉദ്യോഗസ്ഥ മൗ വനിതാ പൊലീസ് സ്റ്റേഷൻ ഇൻചാർജ് മഞ്ജു സിംഗ് ആണ്. വീഡിയോ വൈറലായി വിവാദം ഉയര്‍ന്നതോടെ സംഭവത്തിൽ വിശദീകരണം നൽകി പോലീസ് ഉദ്യോഗസ്ഥ രംഗത്തെത്തി

സ്ത്രീകളുടെ സുരക്ഷയ്ക്കും അവബോധത്തിനും ഊന്നൽ നൽകുന്ന യുപി സർക്കാരിൻ്റെ മിഷൻ ശക്തി കാമ്പയിൻ്റെ ഭാഗമായിട്ടാണ് താനും സംഘവും ക്ഷേത്രത്തിൽ എത്തിയതെന്ന് മഞ്ജു സിംഗ് വിശദീകരിച്ചു. ക്ഷേത്ര പരിസരത്ത് തനിച്ചു കറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുറച്ച് പെൺകുട്ടികളെ ശ്രദ്ധയിൽപ്പെട്ടതോടെ, മുൻകരുതൽ എന്ന നിലയിൽ അവരെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അവർക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു.

കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങൾ ഉറപ്പിച്ചു

ചോദ്യം ചെയ്യലിനിടെ, ഒപ്പമുണ്ടായിരുന്നത് തൻ്റെ സഹോദരനാണെന്ന് പെൺകുട്ടികളിലൊരാൾ അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി മഞ്ജു സിംഗ് കുടുംബത്തിൻ്റെ കോൺടാക്റ്റ് നമ്പർ വാങ്ങി ഫോണിലൂടെ നേരിട്ട് സംസാരിച്ചു. ആൺകുട്ടി പെൺകുട്ടിയുടെ സഹോദരനാണെന്നും, കുട്ടികൾ ക്ഷേത്രം സന്ദർശിച്ച വിവരം തങ്ങൾക്ക് അറിയാമെന്നും കുടുംബം പോലീസിനെ അറിയിച്ചു. നിങ്ങൾ തനിച്ചു കറങ്ങരുത്, എപ്പോഴും ഒരു രക്ഷിതാവ് കൂടെയുണ്ടായിരിക്കണം, ന്ന് മഞ്ജു സിംഗ് പെൺകുട്ടികളോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. എല്ലാവരും ഗാസിപ്പൂർ ജില്ലയിലെ താമസക്കാരാണെന്ന് മനസ്സിലാക്കിയ പോലീസ്, കുടുംബാംഗങ്ങളുമായി സംസാരിച്ച് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം, സുരക്ഷാ ആശങ്കകളില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.