വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഈ ലളിതമായ പ്രവർത്തി, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൊഴിലാളികളോടുള്ള സ്നേഹത്തിൻ്റെയും അനുകമ്പയുടെയും പ്രതീകമായി മാറി, നിരവധി പേർ ഇവരുടെ സഹാനുഭൂതിയെ പ്രശംസിച്ചു.

ദില്ലി: പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങി ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകിയ ഒരു വീട്ടമ്മയുടെ ലളിതമായ പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. നിത്യജീവിതത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്നേഹത്തിൻ്റെയും അനുകമ്പയുടെയും നിശബ്ദമായ ഓരോ പ്രകടനങ്ങളുടെയും നിശബ്ദ സാക്ഷ്യമായി ഈ വീഡിയോ.ജിമ്മി എന്ന എക്സ് ഉപയോക്താവാണ് സുന്ദരമായ ആ പുലരിക്കാഴ്ച പങ്കുവെച്ചത്. അതിരാവിലെ ഒരു വീട്ടമ്മ ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്നതാണ് വീഡിയോയിലുള്ളത്. മാലിന്യം ശേഖരിക്കുന്ന വാഹനത്തിനടുത്ത് നിന്നുകൊണ്ട്, ജോലി തുടരുന്ന തൊഴിലാളികൾക്ക് ഓരോ കപ്പ് ചായ കൈമാറുന്ന ദൃശ്യങ്ങൾ ചെറു വീഡിയോയിൽ കാണാം

ചെറിയ പ്രവർത്തി, വലിയ സന്ദേശം

ഈ വീട്ടമ്മയുടെ പ്രവൃത്തി ശുചീകരണ തൊഴിലാളികളുടെ ദിവസം കൂടുതൽ സന്തോഷപ്രദമാക്കുമെന്നതിൽ തര്‍ക്കമില്ല, എന്ന് വീഡിയോ പങ്കുവെച്ചയാൾ കുറിച്ചു. നഗരങ്ങളെ സജീവമാക്കി നിലനിർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആളുകൾക്ക് ചെറിയ ദയയുടെ പെരുമാറ്റം പോലും വലിയ സന്തോഷം നൽകും എന്നും പോസ്റ്റ് പറയുന്നു. വളരെ ലളിതമായ ഈ പെരുമാറ്റം, ചെറുതെങ്കിലും, ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൊഴിലാളികൾക്ക് അന്തസ്സും ബഹുമാനവും മനുഷ്യത്വവും ഇടകലര്‍ന്ന അനുഭവം നൽകുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

വീഡിയോ വൈറലായതോടെ നിരവധി ഉപയോക്താക്കൾ വീട്ടമ്മയുടെ സഹാനുഭൂതിയെയും എളിമയുള്ള മൂല്യങ്ങളെയും പ്രശംസിച്ചു. കമൻ്റ് ബോക്സുകൾ അഭിനന്ദനങ്ങളാൽ നിറഞ്ഞു. 'സല്യൂട്ട് മാഡം. ഇതാണ് ഒരാളുടെ ആത്മാവിന്റെ സൗന്ദര്യം. ഇത്തരം ദയയുള്ള പ്രവർത്തികൾ കൂടുതൽ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എന്നായിരുന്നു ഒരു കമൻ്റ് . 'ഇതാണ് നാം കാണേണ്ട ഇന്ത്യ', എന്ന് മറ്റൊരാളും കുറിച്ചു.

Scroll to load tweet…