അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ

Published : Jan 07, 2026, 08:00 PM IST
nirmala sitharaman

Synopsis

2026 ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചത്തെ ബജറ്റ് അവതരണം ഒരു അസാധാരണ നടപടിയാണ്. തുടർച്ചയായി ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല പുതിയ ചരിത്രം കുറിക്കുകയും ചെയ്യും

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1, ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക.

നിർമല സീതാരാമന് ചരിത്രനേട്ടം

നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. 1959 നും 1964 നും ഇടയിൽ ആറ് തവണയും, 1967 നും 1969 നും ഇടയിൽ നാല് തവണയുമാണ് മൊറാർജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരിൽ പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും വിവിധ സർക്കാരുകൾക്ക് കീഴിൽ അവതരിപ്പിച്ചിട്ടുണ്ട്. 2019 ൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നപ്പോഴാണ് നിർമല സീതാരാമൻ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ൽ മോദി സർക്കാർ മൂന്നാം തവണയും വിജയിച്ചപ്പോൾ അവർ ധനകാര്യ വകുപ്പിൽ തന്നെ തുടരുകയായിരുന്നു.

ഞായറാഴ്ച അസാധാരണ ബജറ്റ് അവതരണം

ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

ബജറ്റിലെ പ്രതീക്ഷ

ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന വളർച്ച (ജി ഡി പി) 7.4 ശതമാനമായി ഉയരുമെന്ന മുൻകൂർ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബജറ്റ് ഒരുക്കങ്ങൾ സജീവമാകുന്നത്. കഴിഞ്ഞ വർഷം ഇത് 6.5 ശതമാനമായിരുന്നു. 2026 ലെ കേന്ദ്ര ബജറ്റിൽ മധ്യവർഗക്കാർക്കും കാർഷിക - വ്യവസായ മേഖലകൾക്കും അനുകൂലമായ വലിയ പ്രഖ്യാപനങ്ങളാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആദായനികുതി ഘടനയിൽ കൂടുതൽ ഇളവുകൾ വരുത്തി ശമ്പളക്കാരുടെ കൈവശം കൂടുതൽ പണം എത്തിക്കുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ ധനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉൽപ്പാദന മേഖലയ്ക്ക് കരുത്തുപകരുന്നതിനുമുള്ള പദ്ധതികൾക്ക് ഈ ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിജാബ്, നിഖാബ്, ബുർഖ, മാസ്ക്; ധരിച്ചാൽ കടയിലേക്ക് പ്രവേശനമില്ല, സ്വർണ്ണക്കടകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി ബിഹാർ
ദില്ലി തുർക്ക്മാൻ ഗേറ്റിൽ സംഘർഷം, മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിച്ചു; പൊലീസിനു നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം