മോദിയുടെ സുരക്ഷക്ക് ബജറ്റില്‍ വന്‍ വര്‍ധന; നീക്കിവെച്ചത് 540 കോടി

By Web TeamFirst Published Feb 1, 2020, 9:27 PM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.  ബജറ്റില്‍ 540 കോടി വകയിരുത്തിയെങ്കിലും ഒരു വര്‍ഷത്തില്‍ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്‍പിജി സുരക്ഷക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരും. 3000 പേരുള്ള സ്പെഷല്‍ സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്. 

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ സുരക്ഷ ഒഴിവാക്കിയതിന് തൊട്ടുപിന്നാലത്തെ ബജറ്റിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവില്‍ വന്‍ വര്‍ധനവ് വരുത്തിയത്. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മന്‍മോഹന്‍ സിംഗിന് പുറമെ, മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, വി പി സിംഗ് എന്നിവരുടെ സ്പെഷല്‍ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു.  ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിച്ചതോട ഇനി പ്രധാനമന്ത്രിക്ക് മാത്രമാവും എസ്പിജി കാവല്‍.

മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയു'ടെ മരണത്തെ തുടര്‍ന്ന്  1985ലാണ് എസ്പിജി  രൂപീകരിച്ചത്. പിന്നീട് എസ്‍പിജിയില്‍ മാറ്റം വരുത്തിയെങ്കിലും 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം നിയമഭദേഗതിയിലൂടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പത്ത് വര്‍ഷം വരെ എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

click me!