
ദില്ലി: യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ (Russia Attack) കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ (Naveen) ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
'കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്, സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ചൊവ്വാഴ്ചയാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവശ്യ സാധനങ്ങള്‍ക്കായി വരിനില്‍ക്കവെയാണ് നവീന്‍ കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീന്‍.
യുക്രൈനില്‍ നിന്ന് മകന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നവീന്റെ പിതാവ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മകന്‍റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവാർത്തയെത്തുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.
കൊല്ലപ്പെട്ടത് നവീന‍്‍ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജന്‍റും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഖാർഖീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെ ഖാര്‍ഗീവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്ന് യാത്രതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീൻ്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീൻ്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു,.
യുദ്ധഭൂമിയിൽ നിന്നും രക്ഷ തേടിയുള്ള കാത്തിരിപ്പിനിടെ കൂട്ടത്തിലൊരാളെ മരണം കൊണ്ടുപോയതിൻ്റെ ആഘാതം മറ്റു വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലപ്പുറമായി. ബങ്കറുകളിൽ ഇനിയും രക്ഷ തേടി കാത്തിരിക്കുന്നവരുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നതായി ഇന്നത്തെ ദിവസം.
സ്വരാജ്യത്തിനായി റഷ്യക്കാരെ നേരിടാൻ സാധാരണ യുക്രൈൻ പൗരൻമാർ തന്നെ രംഗത്തുണ്ട്. ഇവർക്ക് ആയുധങ്ങളും പരിശീലനവും യുക്രൈൻ സർക്കാർ നൽകുന്നുമുണ്ട്. ആരിലും നിന്നും ആക്രമണം ഉണ്ടാവാം എന്ന നിലവന്നതോടെ മുന്നിലെത്തുന്ന ആരേയും ആക്രമിക്കുന്ന നിലയിലേക്ക് യുക്രൈനിലെത്തിയ റഷ്യൻ സൈനികരും മാറി. ബങ്കറുകളിൽ നിന്നും പുറത്തിറങ്ങുന്നവർ റഷ്യൻ സൈനികരാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. യുക്രൈൻ തലസ്ഥാനമായ കീവ്, പ്രതിരോധ കേന്ദ്രമായ ഖർകീവ്, സുമി അടക്കം നഗരങ്ങൾ റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടതോടെ ഏതുവിധേനയും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ശ്രമിക്കരുതെന്നാണ് ഇപ്പോഴും ബങ്കറുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam