
പഞ്ചാബില്‍ (Punjab) അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ (Congress) ചേര്‍ന്ന് പഞ്ചാബി ഗായകന്‍ സിന്ധു മൂസേവാല (Sidhu Moosewala). വീഡിയോ ആല്‍ബങ്ങളില്‍ പൊലീസ് കേസുകളും തോക്കുകളുടെ പ്രദര്‍ശനത്തിന്‍റെയും പേരില്‍ വിവാദ താരമാണ് സിന്ധു മൂസേവാല. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും ചേര്‍ന്നാണ് വെള്ളിയാഴ്ച സിന്ധു മൂസേവാലയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.
പഞ്ചാബി റാപ്പ് ഗാനങ്ങള്‍ക്ക് പ്രസിദ്ധനായ മൂസേവാല ജന്മനാടായ മാനസയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകള്‍. 28കാരനായ സിന്ധു മൂസേവാലയ്ക്കെതിരെ ഗാനങ്ങളിലെ തോക്കുകളുടെ ഉപയോഗത്തിനും തോക്കുപയോഗത്തെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിനും ഇതിനോടകം നിരവധി കേസുകളാണുള്ളത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഗായകനെ കല്ലെറിയാനുള്ള ശ്രമം മാത്രമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു വിലയിരുത്തുന്നത്.
ഗാനങ്ങളിലൂടെ എല്ലാവരുടേയും മനസ് കീഴടക്കിയ വ്യക്തിയാണ് സിന്ധു മൂസേവാലയെന്നും അദ്ദേഹത്തിന്‍റെ പിതാവ് കര്‍ഷകനും മുത്തച്ഛന്‍ സേനാ ഉദ്യോഗസ്ഥനുമായിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളുണ്ടാക്കാന്‍ സിന്ധു മൂസേവാലയ്ക്ക് കഴിയുമെന്നും ചരണ്‍ജിത് സിംഗ് ഛന്നി പറഞ്ഞു. ജാതി ചിന്തകളിലൂടെ ഗ്രാമീണ ജീവിതത്തേക്കാണിക്കുന്നുവെന്ന ആരോപണവും സിന്ധുവിനെതിരെയുണ്ട്. ഗ്യാങ്സ്റ്റര്‍ റാപ്പ് എന്ന ഗാനത്തിന് പഞ്ചാബില്‍ ഏറെ ആരാധകരുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിന്ധുവിന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്. സംഗീതജീവിതം ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം പുതിയൊരു പാതയിലേക്ക് കടക്കുകയാണ്. മാനസ അത്ര വികസനമുള്ള സ്ഥലമല്ല. ഈ പ്രദേശമാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ട് തന്നെ മാനസയ്ക്ക് വേണ്ടി താന്‍ ശബ്ദമുയര്‍ത്തുമെന്നും സിന്ധു മൂസേവാല പറയുന്നു.
ശുഭ്ദീപ് സിംഗ് സിന്ധു എന്നാണ് സിന്ധു മൂസേവാലയുടെ യഥാര്‍ത്ഥ പേര്. എന്‍ജിനിയറിംഗ് പഠനത്തിനിടയിലാണ് സിന്ധു സംഗീതത്തിലേക്ക് തിരിഞ്ഞത്. സഞ്ജു എന്ന ഗാനത്തിലെ ആയുധ ചിത്രീകരണത്തിന് കഴിഞ്ഞ വര്‍ഷം സിന്ധുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എകെ 47 ഉപയോഗിച്ചുള്ള വെടിവയ്പ് രംഗങ്ങളായിരുന്നു ഈ ഗാനത്തിലുണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam