അതിനെല്ലാം പിന്നിൽ അജിത് ഡോവലിൻ്റെ പങ്കും ഉപദേശവും, മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിൽ ഒന്ന്; പുകഴ്ത്തി അമിത് ഷാ

Published : Aug 01, 2026, 06:01 PM IST
Amit Shah on Ajit Doval

Synopsis

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പുകഴ്ത്തി അമിത് ഷാ. പൂനെയിൽ നടന്ന പരിപാടിയിൽ അജിത് ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച ശേഷമാണ് അമിത് ഷായുടെ പുകഴ്ത്തൽ.

പൂനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ വിദേശനയം ശക്തമാക്കുന്നതിൽ അജിത് ഡോവൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ തീരുമാനങ്ങൾക്ക് പിന്നിലും ഡോവലിന്റെ പങ്കും ഉപദേശവും ഉണ്ടായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

പൂനെയിൽ നടന്ന പരിപാടിയിൽ അജിത് ദോവലിന് 2026ലെ ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

"ചരിത്രം എഴുതപ്പെടുമ്പോഴെല്ലാം, ആരെങ്കിലും ആഭ്യന്തര സുരക്ഷയെയും ബാഹ്യ സുരക്ഷയെയും കുറിച്ച് വിശകലനം ചെയ്യുകയാണെങ്കിൽ, തീർച്ചയായും അജിത് ഡോവലിന് ഒരു സുവർണ പേജ് തന്നെ മാറ്റിവെക്കേണ്ടി വരും. അതിൽ യാതൊരു സംശയവുമില്ല"- അമിത് ഷാ പറഞ്ഞു.

2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിൽ ഒന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുക എന്നതായിരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയം ഉരുക്കിന്റെ നട്ടെല്ലുള്ള ഒന്നായി മാറിയിരിക്കുന്നു. ആർക്കും ഇത് നിഷേധിക്കാൻ കഴിയില്ല. നമ്മുടെ ആത്മാഭിമാനത്തോടൊപ്പം ലോകത്ത് നമ്മുടെ സ്ഥാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രമായി ഉയർന്നുവന്നിട്ടുണ്ട്. ആ മാറ്റത്തിന് അജിത് ഡോവൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശേഷം അജിത് ഡോവൽ നിരവധി തന്ത്രപരമായ ആശയങ്ങൾ പ്രായോഗികമാക്കാൻ സഹായിച്ചു. ഇന്ത്യയുടെ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിലും സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിലും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധത മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ സായുധ സേനയുടെ പ്രതിരോധ - ആക്രമണ ശേഷികളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഈ പ്രക്രിയയിൽ ഡോവൽ നിർണായക പങ്ക് വഹിച്ചു. രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ രഹസ്യാത്മക സ്വഭാവം കാരണം അജിത് ഡോവലിന്റെ പല സംഭാവനകളും ഒരിക്കലും പരസ്യപ്പെടുത്താൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ, അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയും അമിത് ഷാ ഓർത്തെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കണം, ഇ20യുടെ വില കുറയ്ക്കണം; കേന്ദ്രത്തോട് കെജ്രിവാൾ
'പെട്രോൾ വില 125 ആകുമായിരുന്നു, പിടിച്ചുനിർത്തിയത് ഇ-20'; പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി കേന്ദ്രസർക്കാർ