സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

By Web TeamFirst Published May 31, 2021, 2:46 PM IST
Highlights

2008 മുതൽ തന്നെ പുതിയ പാർലമെൻറ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പദ്ധതി തുടങ്ങാനുള്ള തീരുമാനം കൊവിഡിന് മുൻപ് തന്നെ എടുത്തിരുന്നതാണെന്നും ഹർദീപ് സിം​ഗ് പറഞ്ഞു. 
 

ദില്ലി:  സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ലെന്ന് ഹര്‍ദീപ് സിംഗ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷം ഈ പദ്ധതിയെ ധൂർത്തെന്ന് വിളിച്ചു. 2008 മുതൽ തന്നെ പുതിയ പാർലമെൻറ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പദ്ധതി തുടങ്ങാനുള്ള തീരുമാനം കൊവിഡിന് മുൻപ് തന്നെ എടുത്തിരുന്നതാണെന്നും ഹർദീപ് സിം​ഗ് പറഞ്ഞു. 

സെൻട്രൽ വിസ്തയെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്ന് ഇതിന് മുമ്പും ഇദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥന നടത്തിയിരുന്നു. സെൻട്രൽ വിസ്റ്റ അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുത്. ഞാവല്‍ മരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ല. മുഴുവന്‍ പദ്ധതിക്കിടെ കുറച്ച് മരങ്ങൾ മാത്രമേ പറിച്ച് നടുകയുള്ളൂ. മൊത്തത്തിൽ പച്ച കൊണ്ടുള്ള ആവരണം വർദ്ധിക്കും. വിളക്ക് കാലുകള്‍ പോലുള്ള പൈതൃക ചിഹ്നങ്ങള്‍ പുനഃസ്ഥാപിക്കും എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. 

അതേ സമയം സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി, ഒരു ലക്ഷം രൂപ പിഴ ചുമത്തിയാണ് ഹർജി തള്ളിയത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയതെന്നും കോടതി വിമർശിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെയും ഹർജി ചോദ്യം ചെയ്തിരുന്നു.

 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!