കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കശ്മീരില്‍; ഉപജില്ലാ ആശുപത്രി ഉദ്ഘാടനം ചെയ്തു, കശ്മീരിനായി പുതിയ പദ്ധതികള്‍

By Web TeamFirst Published Sep 28, 2021, 12:18 AM IST
Highlights

മനസ്സുകള്‍ തമ്മിലുള്ള അകലവും ദില്ലിയിലേക്കുള്ള ദൂരവും ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു നേരിട്ട് അനുഭവപ്പെട്ടതായി കൂടിക്കാഴ്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍: കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ(Rajeev Chandrasekhar)  രണ്ടുദിവസത്തെ ജമ്മു കശ്മീര്‍(Jammu kashmir) സന്ദര്‍ശനം പൂര്‍ത്തിയായി. കേന്ദ്ര ഗവണ്‍മെന്റ്(Central Government) ആരംഭിച്ച അവലോകന പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. ശ്രീനഗര്‍, ബഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായാണ് മന്ത്രി എത്തിയത്. ചരാരെഷരീഫില്‍ 11.30 കോടി ചെലവിട്ടു സ്ഥാപിച്ച ഉപജില്ലാ ആശുപത്രിയുടെ ഉദ്ഘാടനം(Hospital Inaguration) മന്ത്രി നിര്‍വ്വഹിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച അവലോകന പരിപാടിയുടെ ഭാഗമായി ഏകദേശം 70 കേന്ദ്ര മന്ത്രിമാര്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. താഴേത്തട്ടിലുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനും ജമ്മു കശ്മീരിലെ വിവിധ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ഇത്. കശ്മീരിലെത്തിയ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബഡ്ഗാം ജില്ലയില്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍, പിആര്‍ഐമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 

790 കോടി രൂപയുടെ വികസന പരിപാടികളാണ് കശ്മീരില്‍ നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച്  ബഡ്ഗാം ജില്ലാ ഭരണകൂടവുമായി മന്ത്രി അവലോകന യോഗങ്ങള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, ആദിവാസികള്‍, പിആര്‍ഐമാര്‍, നൈപുണ്യ പരിശീലകര്‍, വ്യാപാരികളുടെ സംഘടന, പഴം കര്‍ഷകരുടെ അസോസിയേഷന്‍, യുവജന ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പേരെ മന്ത്രി സന്ദര്‍ശിച്ചു. അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അറിയാന്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സംവാദവും നടത്തി.

മനസ്സുകള്‍ തമ്മിലുള്ള അകലവും ദില്ലിയിലേക്കുള്ള ദൂരവും ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു നേരിട്ട് അനുഭവപ്പെട്ടതായി കൂടിക്കാഴ്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. 2019 ഒക്ടോബറിന് മുമ്പ് ഒരു മന്ത്രി മാത്രമാണ് ജമ്മു കശ്മീരിനായി പ്രവര്‍ത്തിച്ചിരുന്നതെന്നും ഇപ്പോള്‍ 77 മന്ത്രിമാര്‍ ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാരാമുള്ളയിലെ മിര്‍ഗണ്ട് പട്ടണിലെ പരമ്പരാഗത കരകൗശല ക്ലസ്റ്റര്‍  ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. ഈ മേഖലയുടെ വളര്‍ച്ചയും സാധ്യതകളും സംബന്ധിച്ച് കരകൗശല, കാര്‍പെറ്റ് മേഖലാ നൈപുണ്യ കൗണ്‍സില്‍ സിഇഒ വിശദീകരിച്ചു. 

നിലവിലുള്ള പരിശീലന പരിപാടികളെ അദ്ദേഹം അഭിനന്ദിക്കുകയും പരമ്പരാഗത നൈപുണ്യവും കരകൗശലവും പിന്തുണയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് എല്ലാവരെയും അറിയിക്കുകയും ചെയ്തു. പരമ്പരാഗതവും പൈതൃകവുമായ കരകൗശലവസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ക്കായി അവരെ വ്യവസായവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബഡ്ഗാം ജില്ലയിലെ നൈപുണ്യ വികസനത്തെക്കുറിച്ചുള്ള ഒരു പുതിയ പൈലറ്റ് പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 

'ഈ കരകൗശലവസ്തുക്കളുടെ കയറ്റുമതി ഇപ്പോഴത്തെ മൂല്യത്തിന്റെ 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കണം, കൂടാതെ പ്രദേശത്തെ യുവജനങ്ങളുടെ അപാരമായ കഴിവും നൈപുണ്യവും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെയധികം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ ഹസ്രത്ത് ഷെയ്ഖുല്‍ ആലമില്‍ ആദരം അര്‍പ്പിച്ചുകൊണ്ടാണ് മന്ത്രി രണ്ടു ദിവസത്തെ സന്ദര്‍ശനം ആരംഭിച്ചത്.

11.30 കോടി ചെലവില്‍ ആരോഗ്യ വകുപ്പ് സ്ഥാപിച്ച പുതിയ ഉപജില്ലാ ആശുപത്രിയാണ് മന്ത്രി ചരാരിഷരീഫില്‍ ഉദ്ഘാടനം ചെയ്തത്.  അടുത്തുള്ള ഗ്രാമങ്ങളിലും ചരാരിഷാരിഫ് പട്ടണത്തിലും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യം ആശുപത്രി നല്‍കും. പ്രാദേശിക യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന തരത്തില്‍ ചരാരിഷരീഫ് മുതല്‍ ബറ്റപ്പോര ഹപ്രൂ വരെയുള്ള റോഡ് നവീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു.

ബഡ്ഗാം ജില്ലയില്‍ നിലവിലുള്ളതും ആസൂത്രണത്തിലുള്ളതുമായ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ചന്ദ്രശേഖര്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. 'ജില്ലയ്ക്കായി 790 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ പ്രഖ്യാപിച്ച പുതിയ വ്യവസായ നയം 2021-30 പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തില്‍ ഏകദേശം 50,000 കോടി രൂപയുടെ പുതിയ നിക്ഷേപവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന പൗരര്‍ക്കുള്ള അടിസ്ഥാന സേവനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിന്, ജില്ലാ ഭരണകൂടം എന്‍ഐസിയുമായി ചേര്‍ന്ന്, ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും ആരോഗ്യ ഇ-സേവനങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ബഡ്ഗാം ജില്ലയിലെ ജലസംഭരണികളുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമുള്ള  ഓണ്‍ലൈന്‍ ജലസ്രോതസ്സുകളുടെ പരാതി പരിഹാര പോര്‍ട്ടല്‍, മേരി-ആവാസ് തുടങ്ങി. ബ്ലോക്ക് തലത്തില്‍ രോഗികളുടെ പരിചരണവും ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന 'കോവിഡ് കെയര്‍' ആപ്പും തുടങ്ങി. ഈ ആപ്പുകള്‍ കേന്ദ്ര സഹമന്ത്രി പുറത്തിറക്കി.

അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍, ജമ്മു കശ്മീരിലെ ജനങ്ങള്‍ വിശാലമായ വികസനത്തിന്റെ ഒരു പുതിയ മാര്‍ഗരേഖയുടെ ഫലങ്ങള്‍ കാണും എന്ന സന്ദേശവുമായാണ്  ചന്ദ്രശേഖര്‍ തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പുരോഗതിയും അഭിവൃദ്ധിയും വിഭാവനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് ഒരു സ്വപ്നമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

click me!