രാഹുലും ഒവൈസിയും രാജ്യത്തെ ഭിന്നിപ്പിക്കാനും ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ശ്രമിക്കുന്നു: കേന്ദ്രമന്ത്രി

By Web TeamFirst Published Dec 26, 2019, 6:58 PM IST
Highlights

പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി രാഹുലും ഒവൈസിയും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ​ഗിരിരാജ് സിം​ഗ് ആരോപിച്ചു. 

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെയും ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെയും ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി രാഹുലും ഒവൈസിയും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ​ഗിരിരാജ് സിം​ഗ് ആരോപിച്ചു. ഇരു നേതാക്കളും രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

“മുഗളർക്കും ബ്രിട്ടീഷുകാർക്കും ചെയ്യാൻ കഴിയാത്തത്, രാഹുൽ ഗാന്ധി, കോൺഗ്രസ്, “ടുക്ഡേ-ടുക്ഡേ“ സംഘവും അസദുദ്ദീൻ ഒവൈസിയും ചെയ്യാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്“- ഗിരിരാജ് സിംഗ് പറഞ്ഞു.

Union Minister Giriraj Singh in Delhi: What Mughals and Britishers could not do, that Rahul Gandhi, Congress, tukde-tukde gang and Owaisi want to do. They want to divide India. They want a civil war in India. pic.twitter.com/QF79LP5bLU

— ANI (@ANI)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ​ഗാന്ധി നേരത്തെ രം​ഗത്തെത്തിയിരുന്നു. ​പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ രജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നുമുള്ള മോദിയുടെ പ്രസ്താവന പച്ചനുണയെന്നായിരുന്നു രാഹുൽ പറഞ്ഞിരുന്നത്.

Read Also: 'നുണ, നുണ, നുണ', രാജ്യത്ത് തടങ്കൽ കേന്ദ്രങ്ങളില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ രാഹുൽ

''ആർഎസ്എസ്സിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് നുണ പറയുകയാണ്'', എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അസമിൽ പണി തീർന്ന് വരുന്ന തടങ്കൽകേന്ദ്രത്തിന്‍റെ ദൃശ്യങ്ങളോടെയുള്ള ബിബിസിയുടെ റിപ്പോർട്ട് അടക്കം ചേർത്തായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദിക്കെതിരെ രാഹുൽ നടത്തിയ പരാമർശത്തിൽ, രാഹുലിനെ നുണയന്മാരുടെ രാജാവ് എന്നു വിളിച്ചാണ് ബിജെപി തിരിച്ചടിച്ചത്.  

click me!