
ദില്ലി/ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇതിഹാസ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഫുട്ബോൾ കളിച്ചതും അദ്ദേഹം ഗോൾ നേടിയതും ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ ഇതിനിടെ ഒരു ചൂടേറിയ ചർച്ച കൂടെ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരിഹസിച്ചു. മെസിക്ക് ഒരു ലളിതമായ പാസ് പോലും കൊടുക്കാതെ അദ്ദേഹത്തെ ഓടിച്ചത് ശരിയായില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.
"ഇത് തീർത്തും കുഴഞ്ഞുപോയി!! ഗോട്ടിനൊപ്പം കളിക്കാൻ റെഡ്ഡിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു, പക്ഷേ മെസിക്ക് ഒരു ലളിതമായ പാസ് പോലും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മെസിയെ ചുറ്റി ഓടിക്കാൻ വേണ്ടി അദ്ദേഹം പന്ത് ദൂരേക്ക് ഇടത്തോട്ടും വലത്തോട്ടും തട്ടിവിട്ടു" എന്ന് റിജിജു കുറിച്ചു.
20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രേവന്ത് റെഡ്ഡി രണ്ട് തവണ മെസിക്ക് പന്ത് പാസ് ചെയ്യുന്നത് കാണാം. എന്നാൽ രണ്ട് തവണയും പന്ത് മെസിയുടെ കാലിലേക്ക് എത്തുന്നതിന് പകരം ഇടത്തോട്ടോ വലത്തോട്ടോ പോവുകയായിരുന്നു. എന്നാല്‍, മെസി പന്തിന് പിന്നാലെ ഓടി വീണ്ടും പാസ ചെയ്തു. തിങ്കളാഴ്ച രാത്രി പങ്കുവെച്ച ഈ വീഡിയോ നിരവധി പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിലർ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ റിജിജുവിന്‍റെ പരാമർശത്തെ വിമർശിച്ചു.
"ഈ മത്സരത്തിന് ലഭിക്കുന്ന ലോകശ്രദ്ധയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഇത് ഒരു എക്സിബിഷൻ മത്സരമാണെങ്കിലും, മാന്യമായ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഭരണത്തിന്‍റെ കഠിനമായ ദിവസങ്ങൾക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ ഈ സമർപ്പണം, സംസ്ഥാനത്തിന്‍റെ കായിക കാഴ്ചപ്പാടിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത എടുത്തു കാണിക്കുന്നു" ഇവന്‍റ് ഏകോപിപ്പിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മുഖ്യമന്ത്രിമാർ തമ്മിൽ വാക്പോര്
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, ഈ അവസരം ഉപയോഗിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ഒളിയമ്പെയ്തു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ സന്ദർശന വേളയിൽ നടന്ന അരാജകത്വത്തെക്കുറിച്ചും കുഴപ്പങ്ങളെക്കുറിച്ചും അദ്ദേഹം ആളുകളെ ഓർമ്മിപ്പിച്ചു. കൊൽക്കത്തയിലെ കുഴപ്പങ്ങൾക്ക് പ്രതികാരം ചെയ്യാൻ മമത ദീദി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കാം എന്നാണ് ബിരേൻ സിംഗ് കമന്‍റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam