
ദില്ലി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി. 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ദേശീയപാതകളുടെ തകർച്ച, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി. മറ്റ് 11 ഉദ്യോഗസ്ഥർക്കെതിരെ അനാസ്ഥയ്ക്കും കൃത്യവിലോപത്തിനും അച്ചടക്ക നടപടിയെടുത്തു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പാർലമെൻ്റിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പാലങ്ങൾ, മേൽപ്പാലങ്ങൾ, ദേശീയപാത എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വീഴ്ചകളിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്ന് ശിവസേന (ഉദ്ധവ് താക്കറെ ) എംപി സഞ്ജയ് റാവത്തിൻ്റെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി. നടപടി നേരിട്ടവരിൽ കോൺട്രാക്ടർമാരും കൺസൾട്ടൻ്റുമാരും ഉൾപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. കോൺട്രാക്ട് റദ്ദാക്കുക, പിഴ ചുമത്തുക, കരിമ്പട്ടികയിൽ പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 19 സംഭവങ്ങൾ ഉണ്ടായതായി നിതിൻ ഗഡ്കരി സഭയിൽ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് പിഴ ചുമത്തൽ, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യൽ, എഞ്ചിനീയർമാരെ പിരിച്ചുവിടൽ, കോൺട്രാക്ടർമാരെയും എഞ്ചിനീയറിങ് കമ്പനികളെയും ഡീബാർ ചെയ്യൽ, കോൺട്രാക്ടർമാരുടെ ചെലവിൽ പുനർനിർമ്മാണം തുടങ്ങിയ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ദില്ലി - ഡെറാഡൂൾ എക്സ്പ്രസ്‍വേയിൽ കുഴികൾ രൂപപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രി മറുപടി നൽകി. എക്സ്പ്രസ്‍വേയിൽ രണ്ടു കുഴികൾ രൂപപ്പെട്ടതായും ഇത് കോൺട്രാക്ടറുടെ ചെലവിൽ തന്നെ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. ഈ സംഭവത്തിൽ എഞ്ചിനീയർക്കും കോൺട്രാക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അതോറിറ്റി എഞ്ചിനീയർ ടീം ലീഡറെയും കോൺട്രാക്ടറുടെ പ്രോജക്ട് മാനേജരെയും സസ്പെൻഡ് ചെയ്തായും സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഐഐടി റൂർക്കിയും ഓഡിറ്റ് നടത്തിയതായും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam