
ലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. രാജ്യ-സംസ്ഥാന ഭരണങ്ങള്‍ കൈയ്യാളുന്ന പാര്‍ട്ടിയുടെ എം എല്‍ എ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനിയിലാണ്. ബിജെപിയാകട്ടെ എം എല്‍ എയെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനിടയിലാണ് ഉന്നാവ് എം എല്‍ എയുടെ ചിത്രമടക്കമുള്ള സ്വാതന്ത്ര്യ ദിന സന്ദേശമടങ്ങുന്ന പത്രപരസ്യം ബിജെപിക്ക് തലവേദനയായി മാറുന്നത്.
ഉന്നാവ് കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ചിത്രമുള്ള പത്രപരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഒരു ഹിന്ദി പ്രാദേശിക പത്രത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശമടങ്ങുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രവുമുണ്ട്. സ്വാതന്ത്ര്യദിനത്തിനൊപ്പം രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നുളള പരസ്യം നല്‍കിയിരിക്കുന്നത് ഉഗു പഞ്ചായത്ത് ചെയര്‍മാന്‍ അഞ്ചു കുമാര്‍ ദിക്ഷിതാണ് ഈ പരസ്യം നല്‍കിയിരിക്കുന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
കുല്‍ദീപ് സിംഗ് പ്രദേശത്തെ എം എല്‍ എ ആയതിനാലാണ് പരസ്യത്തില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നാണ് അഞ്ചു കുമാര്‍ ദിക്ഷിത് പറയുന്നത്. ബിജെപിയുമായി ഈ പരസ്യത്തിന് ഒരു ബന്ധവുമില്ലെന്നും അഞ്ചു കുമാര്‍ ദീക്ഷിത് പറയുന്നു. കുല്‍ദീപിന്‍റെ ചിത്രത്തിന് പുറമെ ഭാര്യയും സില പഞ്ചായത്ത് ചെയര്‍പേഴ്സണുമായ സംഗീത സെംഗറിന്‍റെ ചിത്രവും പരസ്യത്തിലുണ്ട്. പത്ര പരസ്യവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വക്താവ് ശരഭ്മണി ത്രിപതി അറിയിച്ചു.
അതേസമയം ഉന്നാവ് കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയ്ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. ദില്ലിയിലെ കോടതിയാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണത്തിലാണ് കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്. കഴിഞ്ഞ മാസം ഉന്നാവ് പെണ്‍കുട്ടി റായ്ബറേലിക്കുള്ള പാതയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ദില്ലി എയിംസില്‍ ചികിത്സയിലാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam