Latest Videos

ഉന്നാവ് ബലാത്സംഗ കേസ്; പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

By Web TeamFirst Published Sep 11, 2019, 8:36 PM IST
Highlights

വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ പെണ്‍കുട്ടി എയിംസിൽ ചികിത്സയിലാണ്. വാഹനാപകട കേസിലും സിബിഐ അന്വേഷണം നടക്കുകയാണ് 
 

ദില്ലി: ഉന്നാവ് പീഡനക്കേസിൽ ഉൾപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ദില്ലി എയിംസിലെ ട്രോമക്കെയറിൽ ഒരുക്കിയ താൽക്കാലിക കോടതിയിലായിരുന്നു രഹസ്യ വിചാരണ നടന്നത്. കേസിലെ മുഖ്യപ്രതിയായ കുൽദീപ് സെൻഗാറിനെയും തീഹാർ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച മുതൽ എല്ലാ ദിവസവും വിചാരണയുണ്ടാകും. താൽക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മുതൽ പെണ്‍കുട്ടി എയിംസിൽ ചികിത്സയിലാണ്. വാഹനാപകട കേസിലും സിബിഐ അന്വേഷണം നടക്കുകയാണ്. ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

click me!