പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് ഇറാൻ ആക്രമണ വിവരം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് അവസരം ഒത്തുവന്നതെന്നും ഏറെ നാളlത്തെ നിരീക്ഷണത്തിന് ശേഷം ‘ശരിയായ നിമിഷത്തിലാണ്’ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനിൽ ഈ ആക്രമണങ്ങൾ നടത്തുമെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രമാണ് അവസരം ഒത്തുവന്നതായി അറിയുന്നത്. പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിനിടെ, ഞങ്ങൾ പ്രാദേശിക വികസനത്തെക്കുറിച്ച് സംസാരിച്ചു. പക്ഷേ ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും പങ്കുവെക്കാൻ കഴിയില്ലായിരുന്നു. പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ ഓപ്പറേഷൻ ഉടൻ നടക്കുമെന്ന് ഇസ്രായേലിന് അറിയില്ലായിരുന്നു. അദ്ദേഹം പോയതിന് ശേഷം, ശനിയാഴ്ച രാവിലെ മാത്രമാണ് ഞങ്ങൾ ഓപ്പറേഷനുള്ള സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം നേടിയതെന്നും അദ്ദേഹം വിശദീകരിച്ചു. സന്ദർശനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചു.
ഫെബ്രുവരി 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയും ഇസ്രായേലും തങ്ങളുടെ ബന്ധങ്ങളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയും 17 കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി ഇസ്രായേലിന് ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടേണ്ടിവരികയാണെന്നും അതിനാൽ ഇറാനിയൻ ഭരണകൂടത്തെയും അവരുടെ സൈനിക സംവിധാനത്തെയും മനസ്സിലാക്കാനും എല്ലാ മാർഗങ്ങളും സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുടെ സ്വഭാവം കാരണം വർഷങ്ങളായി ഞങ്ങൾ കോടിക്കണക്കിന് ഡോളർ ചെലവാക്കി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇസ്രായേലിന് സൈന്യം കെട്ടിപ്പടുക്കുകയും സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
