
ദില്ലി: പൊലീസ് കസ്റ്റഡിയിൽ മരിച്ച, ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡോ പ്രശാന്ത് ഉപാദ്ധ്യായയാണ് മരിച്ചത്. ശ്വാസ തടസമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു എന്നുമാണ് റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ പരിക്കേറ്റ ഉന്നാവ് പെൺകുട്ടിയുടെ അച്ഛനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹം വിട്ടയച്ചിരുന്നു. അതിന് ശേഷമാണ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഡോക്ടറെ സ്ഥലംമാറ്റിയിരുന്നു. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടറുടെ മരണമെന്നത് ദുരൂഹത സൃഷ്ടിക്കുന്നു.
2018ഏപ്രിൽ 03ന് അമ്മയുടെ ഹർജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ അതുൽ സിങും കൂട്ടാളികളും മർദ്ദിച്ചവശനാക്കി പൊലീസിനു കൈമാറുകയായിരുന്നു. അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാർജ്ജ് ചെയ്ത് പൊലീസ് അച്ഛനെ അറസ്റ്റു ചെയ്തു. പിന്നീട് ഏപ്രിൽ 05 ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ അച്ഛനെ ജയിലിലാക്കി. എംഎൽഎയുടെ സഹോദരനും ഗുണ്ടകളും തന്നെ മർദ്ദിച്ചെന്നും എംഎൽഎയുടെ നിർദ്ദേശപ്രകാരം പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു.
ഏപ്രിൽ 08 ന് ലഖ്നൗവിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഏപ്രിൽ 09 നാണ് പൊലീസ് തടവിലിരിക്കെ പെൺകുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ മരിച്ചത്. കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 25 ലക്ഷം രൂപ സെംഗാറിന് പിഴ വിധിച്ച കോടതി ഇതിൽ 10 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam