ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിൽ; ദുരൂഹതയേറുന്നു

By Web TeamFirst Published Jul 29, 2019, 11:00 AM IST
Highlights

ഉന്നാവോയിൽ അപകടത്തിൽപ്പെട്ട യുവതിയുടെ നില അതീവഗുരുതരമായി തുടരുന്നു. കാറിൽ ഇടിച്ച ട്രക്കിന്റെ ഉടമയും ഡ്രൈവറും അറസ്റ്റിൽ. അപകടം ഗൂഢാലോചനയെന്ന് കുടുംബം.

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തില്‍  ദുരൂഹതയേറുന്നു. അപകടദിവസം സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നിൽ ആരോപണവിധേയനായ എംഎൽഎയെന്ന് പെൺകുട്ടിയുടെ കുടുംബവും ആരോപിക്കുന്നു. എന്നാല്‍, അപകടത്തിൽ അസ്വാഭാവികതയില്ലെന്ന് യുപി ഡിജിപി പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പെൺകുട്ടിയോടൊപ്പം കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനൽകുന്നു. എന്നാൽ കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോസ്ഥരെ പെൺകുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം. കാറിന്റെയും ട്രക്കിന്റെയും ഫൊറൻസിക് പരിശോധന ഉടൻ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അതേസമയം, യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. 

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ബലാത്സംഗം ചെയ്തെന്നായിരുന്നു അപകടത്തിൽപ്പെട്ട പതിനാറുകാരിയുടെ പരാതി. അപകടത്തില്‍ ആരോപണവിധേയനായ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നാണ് പെണ്‍ക്കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസും സമാജ് വാദി പാർട്ടിയും ആവശ്യപ്പെട്ടു. സത്യം പുറത്തുവരണമെങ്കിൽ അപകടം സിബിഐ അന്വേഷിക്കണമെന്നാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ എളമരം കരീമും ബിനോയ് വിശ്വവും രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. 

ബിജെപി ഭരിക്കുന്ന നാട്ടിൽ പീഡനനത്തിന് ഇരയായ പെൺകുട്ടിക്ക് പോലും നീതി കിട്ടുന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നു. പെൺകുട്ടിയെ പീഡിപ്പിച്ച എംഎൽഎക്കെതിരായ സിബിഐ അന്വേഷണം എവിടെയെത്തിയെന്നാണ് പ്രിയങ്കയുടെ ചോദ്യം. എംഎൽഎ ഇപ്പോഴും സുരക്ഷിതനാണെന്നും ബിജെപി  സർക്കാരിൽ നിന്ന് പെൺകുട്ടിക്ക് നീതി കിട്ടുമോയെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

ബന്ധുവിനെ കാണാൻ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെയാണ് ഞായറാഴ്ച, ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചത്. കാറിലുണ്ടായിരുന്ന അമ്മായിയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

നിലവിൽ ഉന്നാവോ പീഡനക്കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂൺ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് സിബിഐ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ല എന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

click me!