
ദില്ലി: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
കത്ത് തന്‍റെ മുന്നിലേക്ക് എത്താൻ വൈകിയതിനെ കുറിച്ച് സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്. ഇതേകുറിച്ചുള്ള രജിസ്ട്രിയുടെ വിശദീകരണവും കോടതി ഇന്ന് പരിശോധിച്ചേക്കും. സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സിബിഐയിൽ നിന്ന് കോടതി വിശദാംശങ്ങൾ തേടാൻ സാധ്യതയുണ്ട്. അന്വേഷണം വേഗത്തിൽ പൂര്‍ത്തിയാക്കാനും പെണ്‍കുട്ടിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുമുള്ള നിര്‍ദ്ദേശങ്ങൾ കോടതി നൽകാനും സാധ്യതയുണ്ട്.
ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്ന കാര്യം സൂചിപ്പിച്ചാണ് പെണ്‍കുട്ടിയും അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് കത്തയച്ചത്. കത്തിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍ ചീഫ് ജസ്റ്റിസ് ആലോചിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഉന്നാവ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട കേസിൽ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാര്‍ ഉൾപ്പെടെ പത്ത് പേർക്കെതിരെ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയുന്ന 20 പേർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ കുല്‍ബര്‍ഗി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിലടക്കം വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, അപകടത്തില്‍ മരിച്ച ഉന്നാവ പെൺകുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ഉന്നാവിലെ ഗംഗാ ഘട്ട് ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam