'സഹോദരിക്ക് നീതി നിഷേധിക്കപ്പെട്ടു'; പൊട്ടിക്കരഞ്ഞ് ഉന്നാവ് യുവതിയുടെ സഹോദരി

By Web TeamFirst Published Dec 7, 2019, 8:03 PM IST
Highlights

മകൾക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നും ചെയ്തില്ലെന്ന് യുവതിയുടെ അച്ഛനും വ്യക്തമാക്കി. 

ദില്ലി: സഹോദരിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് ബലാത്സംഗക്കേസിലെ പ്രതികൾ തീകൊളുത്തിക്കൊന്ന യുവതിയുടെ സഹോദരി. തന്‍റെ സഹോദരിയുടേത് കൊലപാതകമാണ്. തന്‍റെ സഹോദരിക്ക്  90 ശതമാനം പൊള്ളലേറ്റിരുന്നു. ഇത്രയും പൊള്ളലേറ്റ അവള്‍ എങ്ങനെയാണ് അതിജീവിക്കുകയെന്നുമായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് യുവതി ചോദിച്ചത്. മകൾക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നും ചെയ്തില്ലെന്ന് യുവതിയുടെ അച്ഛനും വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആട്ടിയോടിക്കുകയായിരുന്നു. പെൺകുട്ടിയെ ആക്രമിച്ച പ്രതികൾക്ക് ഹൈദരാബാദ് മോഡൽ ശിക്ഷ നടപ്പാക്കണമെന്നും യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. 

ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ ബേണ്‍ ആൻഡ്‌ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിക്ക് രാത്രി 11.10 ഓടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അരമണിക്കൂറിന് ശേഷം മെഡിക്കൽ ബോർഡ്‌ തലവൻ ഡോ. ശലഭ് കുമാർ മരണം സ്ഥിരീകരിച്ചു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ശരീരവുമായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ഫോറൻസിക് സര്‍ജന്‍റെ സാന്നിധ്യത്തിൽ  ആയിരുന്നു പോസ്റ്റുമോർട്ടം. 

ഉന്നാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നതിൽ  ഇന്ത്യാ ഗേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകുക, നിയമങ്ങൾ കർശനമാക്കുക എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ ഒത്തകൂടിയത്. ഉന്നാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും വൈകിയ ഉത്തർപ്രദേശ് പൊലീസിനെതിരെയും , സർക്കാരിനെതിരെയും പ്രതിഷേധം ഉണ്ടായി. ചെറിയ കുട്ടികളടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

click me!