
ദില്ലി: മകൾക്ക് നീതി ഉറപ്പാക്കാനായി പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഉന്നാവിൽ പീഡനത്തിരയായ യുവതിയുടെ അച്ഛൻ. പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആട്ടിയോടിക്കുകയായിരുന്നുവെന്നും യുവതിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ച പ്രതികൾക്ക് ഹൈദരാബാദ് മോഡൽ ശിക്ഷ നടപ്പാക്കണമെന്നും യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു.
നാളെയാണ് പെൺകുട്ടിയുടെ സംസ്കാരം നടക്കുക. പത്ത് മണിയോടെ മൃതദേഹം യുവതിയുടെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ ബലാത്സംഗക്കേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് പോകവേയാണ് യുവതിക്കെതിരെ ആക്രമണമുണ്ടായത്. യുവതിയുടെ ഗ്രാമത്തിന് പുറത്ത് വച്ച് കേസിലെ (ഒളിവിലായിരുന്നു എന്ന് പറയപ്പെടുന്ന) പ്രതികൾ ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് അവരെ മർദ്ദിച്ച പ്രതികൾ, ദേഹത്ത് പല തവണ കുത്തുകയും ചെയ്തിരുന്നു. തീ കൊളുത്തിയതോടെ അലറിക്കരഞ്ഞ യുവതി ഓടിയത് അരക്കിലോമീറ്ററോളമാണ്.
ആശുപത്രിയിലേക്ക് പോകുംവഴിയും ഇവർക്ക് സ്വബോധമുണ്ടായിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുമുണ്ട്.
''പുലർച്ചെ നാല് മണിക്ക് വീടിനടുത്തുള്ള റയിൽവേ സ്റ്റേഷനിൽ നിന്ന് റായ്ബറേലിക്കുള്ള ട്രെയിൻ പിടിക്കാൻ പോവുകയായിരുന്നു ഞാൻ. അഞ്ച് പേർ അവിടെ എന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യം അവരെന്നെ വളഞ്ഞു. കാലിൽ അടിച്ചു. കഴുത്തിൽ കത്തികൊണ്ട് കുത്തി. അതിന് ശേഷം ദേഹത്ത് പെട്രോളൊഴിച്ചു. എന്‍റെ ദേഹത്ത് തീ കൊളുത്തി'', ഉന്നാവിലെ ആശുപത്രിക്കിടക്കയിൽ വച്ച് യുവതി മൊഴി നൽകി.
യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി അടക്കമുള്ള പ്രതികൾ കേസിൽ ജാമ്യത്തിലിറങ്ങിയത് ആക്രമണത്തിന് ഏതാനം ദിവസം മുമ്പാണ്. ഇതിന് ശേഷമാണ് ഇവർ യുവതിയെ ആസൂത്രണം ചെയ്ത് ആക്രമിച്ചത്. അഞ്ച് പേരെയും പൊലീസ് അവരുടെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam