
ലഖ്നനൌ: റീൽസ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാൺ് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാർ എന്ന 23കാരൻ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയിൽ മുകേഷ് കുമാർ മരിച്ചതായി നടിച്ച് റോഡിൽ അനങ്ങാതെ കിടക്കുന്നത് കാണാം.
വെളുത്ത ബെഡ് ഷീറ്റിൽ പൊതിഞ്ഞ്, മൂക്കിൽ പഞ്ഞി കുത്തി നിറച്ച്, കഴുത്തിൽ പുഷ്പമാല മാല സഹിതം യഥാർഥമെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കിടന്നത്. നിരവധിപ്പേർ ഇത് വിശ്വസിച്ച് തടിച്ചുകൂടി. എന്നാൽ, വീഡിയോ അവസാനിക്കുമ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഇയാൾ എഴുന്നേറ്റു. തുടർന്നാണ് കാഴ്ചക്കാരിൽ ചിലർ പൊലീസിനെ വിവരമറിയിച്ചത്. പൊതുജന ശല്യവും കുഴപ്പവും ഉണ്ടാക്കിയതിന് കുമാറിനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ എക്‌സിൽ പങ്കിടുകയും ചെയ്തു.
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ രാജ് കോൾഡ് സ്റ്റോറേജ് ഏരിയയിലാണ് സംഭവം നടന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി പറഞ്ഞു. മുകേഷ് കുമാറിന്റെ നടപടിയെ വിമർശിച്ച് നിരവധിപ്പേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്. വീഡിയോ വൈറലാകാനും പ്രശസ്തിക്കും വേണ്ടി ഏതറ്റം വരെ പോകാനും ചിലർ തയ്യാറാകുന്നതിന്റെ ഉദാഹരണമാണ് ഈ കാണുന്നതെന്നും ചിലർ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam