
ലഖ്നൗ: ഉത്തർപ്രദേശ് ബോർഡ് ഓഫ് മദാർസ എജ്യുക്കേഷൻ ആക്റ്റ്- 2004 ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി. ഹിന്ദുസ്ഥാൻ ടൈംസാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റണമെന്നും കോടതി ഉത്തര്‍ പ്രദേശ് സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയും അടങ്ങുന്ന ലഖ്‌നൗ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമത്തിൻ്റെ ഭരണഘടനാ സാധുതയെയും കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകളെയും ചോദ്യം ചെയ്ത് അൻഷുമാൻ സിംഗ് റാത്തോഡ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തിന്റെ സുതാര്യതയെക്കുറിച്ച് 2023 ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. മദ്രസ ബോർഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പകരം ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറിനോടും കേന്ദ്ര സർക്കാറിനോടും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു. നിയമപ്രകാരം, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. എന്നാൽ, മറ്റ് ന്യൂനപക്ഷ സമുദായങ്ങളായ ജൈനർ, സിഖ്, ക്രിസ്ത്യൻ തുടങ്ങിയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
ഉത്തർപ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് കോടതി ഉത്തരവ്. 2023 ഒക്ടോബറിൽ, വിദേശത്ത് നിന്ന് മദ്രസകൾക്ക് ധനസഹായം ലഭിക്കുന്നത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനും (എസ്ഐടി) രൂപം നൽകി. സംസ്ഥാനത്തെ 80 ഓളം മദ്രസകൾക്ക് ഏകദേശം 100 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് എസ്എഎടി കണ്ടെത്തിയിരുന്നു.