
ലഖ്നൗ: ദീപാവലിക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ച ബിസിനസുകാരനും കുടുംബത്തിനുമെതിരെ അന്വേഷണം. ഉത്തർപ്രദേശിലെ ബറേലിയിലെ ഇസ്സത്ത് നഗറില്‍ താമസിക്കുന്ന അജയ് മേത്തയും കുടുംബവുമാണ് തോക്കുപയോഗിച്ച് ദീപാവലി ആഘോഷിച്ചത്. ഇവർ വെടിയുതിർക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
വ്യവസായിയുടെ ഭാര്യ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് ഒരു വീഡിയോയിലുള്ളത്. മക്കള്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് യുവതി തോക്കുപയോഗിച്ചത്. ബോളിവുഡ് സിനിമ "ഷോലെ" യിലെ പ്രശസ്തമായ "തേര ക്യ ഹോഗ കാലിയ" എന്ന ഡയലോഗ് ഉറക്കെപ്പറഞ്ഞുകൊണ്ട് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന അജയ് മേത്തയുടേതാണ് മറ്റൊരു വീഡിയോ. ഈ രണ്ട് വീഡിയോകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, കളിത്തോക്കാണ് തങ്ങള്‍ ഉപയോഗിച്ചതെന്നാണ് വ്യവസായി പൊലീസിനോട് പറഞ്ഞത്. ഉപയോഗിച്ചത് യഥാര്‍ത്ഥ തോക്കാണെന്ന് തെളിഞ്ഞാല്‍ ആഘോഷ വേളയില്‍ വെടിവെപ്പ് നടത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം തുടരുകയാണെന്നും ഇസ്സത്ത്നഗര്‍ കന്റോൺമെന്റ് പോലീസ് സ്റ്റേഷനുകളിൽ മേത്തയുടെ പേരിൽ ഇതുവരെ തോക്കുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇൻസ്പെക്ടർ കെ.കെ വർമ്മ പറഞ്ഞു. പിസ്റ്റൾ ലൈസൻസുള്ളതാണെങ്കിൽ അത് റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ചില സംഭവങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യു.പി സര്‍ക്കാര്‍ വിലക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam