
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി (BJP) മുന്നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദവുമായി അമിത് ഷാ (Amit Shah). ഉത്തര്‍പ്രദേശില്‍ മാഫിയാ ഭരണത്തെ തകര്‍ക്കാന്‍ യോഗി ആദിത്യനാഥിന് ആയെന്നും അമിത് ഷാ അവകാശപ്പെട്ടു. യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. ഖൊരക് പൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് യോഗി ആദിത്യനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ യോഗി ആദിത്യനാഥ് ഖൊരക് പൂരില്‍ നിന്നും ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍കാല ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്നവകാശപ്പെട്ട അമിത്ഷാ മൂന്നൂറിലധികം സീറ്റ് നേടി യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞു.
പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനിടെ തെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ശേഷിക്കേ സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ അപ്നാദള്‍ കെ വിഭാഗം മത്സരിക്കാന്‍ നല്‍കിയ 18 സീറ്റുകള്‍ തിരികെ നല്‍കി. അപ്നാദള്‍ കംരേവാദി വിഭാഗത്തിനായി നീക്കി വച്ച അലഹബാദ് വെസ്റ്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രകോപന കാരണം. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സഖ്യത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവടക്കമുള്ള നേതാക്കള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam