ഓഫീസിനുള്ളിൽ ഹെൽമെറ്റ് ധരിച്ച് വൈദ്യുതി വകുപ്പിലെ ഉദ്യോ​ഗസ്ഥർ; കാരണം ഇതാണ്

By Web TeamFirst Published Nov 5, 2019, 4:50 PM IST
Highlights

കെട്ടിടം മാത്രമല്ല മറിച്ച് ഓഫീസിലെ ഭൂരിഭാ​ഗം ഫർണിച്ചറുകളും ശിഥിലമായ അവസ്ഥയിലാണ്. ഓഫീസിലെ ഫയലുകൾ സൂക്ഷിക്കാൻ ഇടമില്ലെന്നും ജീവനക്കാർ പറയുന്നു. 

ലഖ്നൗ: ഓഫീസിനുള്ളിൽ ഹൈൽമെറ്റ് ധരിച്ച് ജോലി ചെയ്ത് ജീവനക്കാർ. ഉത്തർപ്രദേശിലെ ബാണ്ഡയിലുള്ള വൈദ്യുതി വകുപ്പിന്റെ ഓഫീസിലാണ് വിചിത്രമായ സംഭവം. സർക്കാർ ഓഫീസിനുള്ളിൽ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ് ബാണ്ഡയിലെ വൈദ്യുതി വകുപ്പിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ജോലി സമയങ്ങളിൽ മേൽക്കുരയിൽ നിന്നും പാളികൾ അടർന്ന് വീഴുന്നതും നിത്യ സംഭവമാണെന്ന് ജീവനക്കാർ പറയുന്നു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് തങ്ങൾ ഹെൽമെറ്റ് ധരിച്ച് ഓഫീസിനുള്ളിൽ ഇരിക്കുന്നതെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.

മേൽക്കൂരയുടെ അവസ്ഥ ചൂണ്ടിക്കാട്ടി മേലധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതെരു തരത്തിലുമുള്ള നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല. തങ്ങളില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാലേ അവര്‍ പുനര്‍നിര്‍മാണം നടത്തുകയുള്ളൂ- ഒരു ജീവനക്കാരൻ പറയുന്നു. മഴക്കാലത്ത് ഹെൽമെറ്റിന് പകരം കുട ചൂടിയാണ് ജോലി ചെയ്യുന്നതെന്ന് മറ്റൊരു ജീവനക്കാരനും പറയുന്നു.

കെട്ടിടം മാത്രമല്ല മറിച്ച് ഓഫീസിലെ ഭൂരിഭാ​ഗം ഫർണിച്ചറുകളും ശിഥിലമായ അവസ്ഥയിലാണ്. ഓഫീസിലെ ഫയലുകൾ സൂക്ഷിക്കാൻ ഇടമില്ലെന്നും ജീവനക്കാർ പറയുന്നു. അതേസമയം, ഓഫീസിലെ ഈ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞിട്ടും മറുപടി നൽകാൻ അധികാരികൾ തയ്യാറായിട്ടില്ല.
 

click me!