
ലക്നൗ: കൊവിഡ് രോഗവ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തങ്ങൾ പരാജയമാണെന്ന് യുപിയിലെ ബിജെപി സർക്കാർ തെളിയിച്ചെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊവിഡ് രോഗികൾക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1,18,038 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2028 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 46177 കേസുകളാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. 69833 പേർ കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടി.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാർ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്ന് അഖിലേഷ് യാദവ് പത്രപ്രസ്താവനയിൽ കുറ്റപ്പെടുത്തി. സ്ഥിതി ഗതികൾ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നോ ടെസ്റ്റ്, നോ കേസ് തന്ത്രം സ്വീകരിച്ചത്. ഉത്തർപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും വെറും അവകാശ വാദങ്ങൾ ഉന്നയിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. സമാജ് വാദി പാർട്ടി മുമ്പ് പൂർത്തിയാക്കിയ പ്രവർത്തനങ്ങളുടെ റിബൺ മുറിക്കൽ മാത്രമാണ് യോഗി ആദിത്യനാഥ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ അംഗങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ കൊറോണ വൈറസിന്റെ ഇരകളായി മാറിയിരിക്കുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. രോഗികൾക്ക് മരുന്നുകളോ ചികിത്സയോ ലഭിക്കുന്നില്ല. ഭരണപരാജയം മൂലം ഇനിയും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ട്.' അഖിലേഷ് യാദവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam