India-Pak Cricket| പാക് വിജയം ആഘോഷിച്ച ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ കേസ് നൽകി യുപി സ്വദേശി

By Web TeamFirst Published Nov 7, 2021, 9:24 AM IST
Highlights

ഒരാളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കളിയാക്കിയതായി ശ്രദ്ധയിൽ പെട്ടതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താൽ പറഞ്ഞു. 

ലക്നൌ: ടി20 ലോകകപ്പ് (T20 World Cup) മത്സരങ്ങളിൽ ഒക്ടോബർ 24 ന് നടന്ന ഇന്ത്യാ പാക്ക് (India-Pak) മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയം (Pak Victory) ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസിൽ കേസ് നൽകി ഉത്തർപ്രദേശ് (Uttar Pradesh) സ്വദേശി. ഒരാളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ (Indian Cricket Team) കളിയാക്കിയതായി ശ്രദ്ധയിൽ പെട്ടതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താൽ പറഞ്ഞു. 

റാംപൂർ സ്വദേശിയായ ഇഷാൻ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കൾ എന്നിവർക്കെതിരെ പരാതി നൽകിയത്. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന്റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടുവെന്നും ഇയാൾ ആരോപിക്കുന്നു. 

രാംപൂർ ജില്ലയിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഐപിസി 153 എ പ്രകാരവും 2008ലെ ഇൻഫർമേഷൻ ടെക്നോളജി (ഭേദഗതി) ആക്ട്  സെക്ഷൻ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഭാര്യ അവരുടെ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല, ഇഷാനെതിരെ സ്ത്രീധനക്കേസ് നൽകിയിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്. 

നേരത്തെയും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. ടി-20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ ഇന്ത്യ വിരുദ്ധ സന്ദേശം  പങ്കുവച്ചെന്ന കേസിൽ മൂന്ന് കശ്മീരി വിദ്യാ‍ർത്ഥികൾ അറസ്റ്റ് ചെയ്തിരുന്നു.  ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. രാജസ്ഥാനിൽ പാകിസ്ഥാന്റെ വിജയം ആഘോഷമാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാന്‍, ഉദയ്പൂരിലെ നീരജ മോദി സ്‌കൂളില്‍ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. പാകിസ്ഥാന്‍ ടീമിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചത്. 

പാക്കിസ്ഥാന്റെ വിജയമാഘോഷിച്ചു, യുപിയിൽ മൂന്ന് കശ്മീരി വിദ്യാ‍ർത്ഥികൾ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് കശ്മീരീ വിദ്യാർത്ഥികൾ അറസ്റ്റിൽ. ടി-20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ ഇന്ത്യ വിരുദ്ധ സന്ദേശം  പങ്കുവെച്ചതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. അര്‍ഷീദ് യൂസഫ്, ഇനായത് അല്‍ത്താഫ്, ഷൗക്കത്ത് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ആഗ്ര രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. അറസ്റ്റിലായവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈക്കാര്യം അറിയിച്ചത്. യു പിയിൽ ഇതുവരെ ഏഴ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

അതേസമയം ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. 

നേരത്തെ തന്നെ ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും, ഷേറേ കശ്മീര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതിന്റെയും, പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്‍റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീര്‍ നേതാക്കള്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു. 

പാകിസ്ഥാന്റെ വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു

 

പാകിസ്ഥാന്റെ വിജയം ആഘോഷമാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. രാജസ്ഥാന്‍, ഉദയ്പൂരിലെ നീരജ മോദി സ്‌കൂളില്‍ അധ്യാപികയായ നഫീസ അട്ടാരിക്കാണ് ജോലി നഷ്ടമായത്. പാകിസ്ഥാന്‍ ടീമിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതാണ് സ്‌കൂള്‍ അധികൃതരെ ചൊടിപ്പിച്ചത്. 

'ഞങ്ങള്‍ ജയിച്ചു' എന്ന അടികുറിപ്പോടെയാണ് അവര്‍ ഫോട്ടോ പങ്കുവച്ചത്. സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് പാകിസ്ഥാനെയാണോ നിങ്ങള്‍ പാകിസ്ഥാനെയാണോ പിന്തുണച്ചത് എന്ന് ചോദിച്ചിരുന്നു. 'അതേ' എന്നായിരുന്നു അപ്പോള്‍ അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. 

നേരത്തെ, പാകിസ്ഥാന്റെ വിജയം ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു. അവരൊന്നും ഇന്ത്യക്കാരെല്ലന്നായിരുന്നു ഇരുവരുടേയും പക്ഷം.

ഞായറാഴ്ച്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു. ലോകപ്പില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.

Read More: Read More: 'ഹിന്ദുക്കള്‍ക്ക് മുന്നിലെ റിസ്വാന്റെ നമസ്‌കാരം ഏറ്റവും നല്ല കാര്യം'; ക്ഷമാപണവുമായി വഖാര്‍ യൂനിസ്

 

click me!