ഭാര്യ കാമുകനൊപ്പം പോയി; ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ആടുകൾ

By Web TeamFirst Published Aug 18, 2019, 5:14 PM IST
Highlights

ഉമേഷ് പാല്‍ എന്ന യുവാവിനൊപ്പം സീമ പാല്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഇതോടെ ഭര്‍ത്താവ് പരാതിയുമായി ഗ്രാമപഞ്ചായത്തിലെത്തി. പ്രശ്നങ്ങള്‍ പഠിച്ച ശേഷം ഉമേഷ് പാല്‍ തനിക്കുള്ള പാതി ചെമ്മരിയാടുകളെ രാജേഷ് പാലിന് നല്‍കണമെന്ന് ഗ്രാമത്തലവന്‍ നിര്‍ദേശിച്ചു

ഗോരഖ്പൂര്‍: കാമുകനൊപ്പം ഭാര്യ പോയതോടെ പരാതി നല്‍കിയ ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ചെമ്മരിയാടുകൾ. ഭാര്യയുടെ കാമുകന്‍ തന്നെയാണ് ചെമ്മരിയാടുകളെ നല്‍കി പരാതി ഒത്തുത്തീര്‍പ്പാക്കിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.

എന്നാല്‍, ഭാര്യയും ഭര്‍ത്താവും കാമുകനും ചേര്‍ന്ന് പ്രശ്നങ്ങള്‍ തീര്‍ത്തപ്പോള്‍ തന്‍റെ ചെമ്മരിയാടുകളെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഉമേഷ് പാല്‍ എന്ന യുവാവിനൊപ്പം സീമ പാല്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഇതോടെ ഭര്‍ത്താവ് രാജേഷ് പാല്‍ പരാതിയുമായി ഗ്രാമപഞ്ചായത്തിലെത്തി.

പ്രശ്നങ്ങള്‍ പഠിച്ച ശേഷം ഉമേഷ് പാല്‍ തനിക്കുള്ള പാതി ചെമ്മരിയാടുകളെ രാജേഷ് പാലിന് നല്‍കണമെന്ന് ഗ്രാമത്തലവന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് 71 ചെമ്മരിയാടുകളെ ലഭിച്ചതോടെ രാജേഷ് പാല്‍ പരാതി പിന്‍വലിച്ചു. കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യയും വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ഇങ്ങനെ തീര്‍പ്പാക്കിയത്.

എന്നാല്‍, തന്‍റെ ആടുകളെയാണ് മകന്‍ അനുവാദമില്ലാതെ രാജേഷ് പാലിന് നല്‍കിയതെന്ന് ഉന്നയിച്ച് പിതാവ് രംഗത്ത് വരികയായിരുന്നു. പരാതി ലഭിച്ചതോടെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആടുകളെ ഉമേഷ് പാല്‍ സ്വന്തം ഇഷ്ടത്തോടെ നല്‍കിയതാണെന്നും മോഷ്ടിച്ചിട്ടില്ലെന്നുമാണ് രാജേഷ് പാല്‍ പറയുന്നത്. എന്നാല്‍, ഉമേഷ് പാലിന്‍റെ പിതാവ് എന്ത് സംഭവിച്ചാലും ആടുകളെ തിരികെ ലഭിക്കണമെന്ന വാശിയിലുമാണ്. സംഭവത്തില്‍ രാജേഷ് പാലിനെതിരെ കേസെടുക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പൊലീസെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

click me!