
ദില്ലി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമാകുന്നു. ബീഹാര്‍, ഹരിയാന പൊലീസിനു പുറമേ കേരള പൊലീസും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരക്കാരെ അനുനയിപ്പിക്കാന്‍ ഉന്നത പൊലീസ് നേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ, അഭിഭാഷകർക്ക് എതിരായ നടപടി തടഞ്ഞ കോടതി ഉത്തരവിന് എതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും മറ്റു ബാർ കൗണ്‍സിലുകൾക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
തീസ്ഹസാരി സംഭവത്തിൽ സസ്പെന്‍റ് ചെയ്ത പൊലീസുകാരെ ഉടൻ തിരികെ നിയമിക്കുക, പരിക്കേറ്റവർക്ക് മാന്യമായ നഷ്ട പരിഹാരം നൽകുക, അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദില്ലിയിൽ പൊലീസുകാരുടെ അസാധാരണ സമരം തുടരുന്നത്. രാവിലെ ആരംഭിച്ച സമരത്തെത്തുടര്‍ന്ന് ദില്ലിയിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‍നായിക് ആവശ്യപ്പെട്ടെങ്കിലും അത് സമരക്കാര്‍ തള്ളി. പൊലീസ് കമ്മീഷണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബീഹാറില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള പൊലീസുകാരും പ്രതിഷേധത്തിനായി ദില്ലിയിലെത്തിയിട്ടുണ്ട്.
Read Also: ദില്ലിയിലെ കോടതി സംഘര്‍ഷം; തെരുവില്‍ പൊലീസിന്‍റെ സമരം, പൊലീസ് സ്റ്റേഷനുകള്‍ സ്തംഭിച്ചു
പരിക്കേറ്റ പോലീസുകാർക്ക് ധനസഹായം ഉറപ്പാക്കണം എന്ന് ദില്ലി കമ്മീഷണറോട് ലഫ്. ഗവർണർ അനിൽ ബൈജൽ നിര്‍ദ്ദേശിച്ചിരുന്നു. പരിക്കേറ്റ അഭിഭാഷകർക്കും ചികിത്സ ഉറപ്പു വരുത്തണം എന്നും ലഫ്. ഗവർണർ പറഞ്ഞു. ഇതേത്തുടര്‍ന്ന്, തീസ് ഹാരി സംഭവത്തിൽ പരിക്കേറ്റ പൊലീസുകാർക്ക് ഇരുപത്തി അയ്യായിരം രൂപ സഹായധനം നൽകുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.
പ്രതിഷേധിക്കുന്ന പൊലീസുകാരെ പിരിച്ചുവിടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം തുടങ്ങി. അഭിഭാഷകർക്കെതിരെ നടപടി തുടങ്ങിയെന്ന് സ്പെഷ്യൽ കമ്മീഷണർ സതീഷ് ബോൽച്ച അറിയിച്ചു. അതേസമയം, ആഭ്യന്തര സെക്രട്ടറി ദില്ലിയിലെ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചിട്ടുണ്ട്.
Read Also: പൊലീസുകാരനെ ക്രൂരമായി മർദ്ദിച്ച് അഭിഭാഷകന്‍; ഞെട്ടിക്കുന്ന വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam