'ഞാൻ കൊറോണ വൈറസ്,ഞാനാണ് ‍‍യമരാജൻ'; യമരാജനെ നിരത്തിലിറക്കി പൊലീസിന്റെ കൊവിഡ് ബോധവത്കരണം

By Web TeamFirst Published Apr 13, 2020, 11:01 AM IST
Highlights

സാമൂഹിക അകലം പാലിക്കണമെന്ന നിയമം ലംഘിക്കുന്ന എല്ലാവരെയും യമലോകത്ത് ലോക്ക് ഡൗണിലാക്കുമെന്നാണ് യമരാജന്റെ മുന്നറിയിപ്പ്. 
 

ലക്നൗ: മരണത്തിന്റെ ദേവനെന്നാണ് യമരാജന്റെ വിശേഷണം. സാധാരണ യമലോകത്ത് താമസിക്കുന്ന യമരാജനെ  ഇപ്പോൾ ഭൂമിയിലെ പല സംസ്ഥാനങ്ങളിലാണ് സഞ്ചാരം. കൊവിഡ് 19 ഭീതിയിൽ രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങരുതെന്നും ഇറങ്ങിയാൽ കൊറോണ പിടിക്കും എന്ന് ജനങ്ങളോ‍ട് പറയാനാണ് ഈ സഞ്ചാരം. ഉത്തർപ്രദേശിലെ ബഹറിച്ചിലാണ് ഇപ്പോൾ യമരാജനുള്ളത്. സാമൂഹിക അകലം പാലിക്കണമെന്ന നിയമം ലംഘിക്കുന്ന എല്ലാവരെയും യമലോകത്ത് ലോക്ക് ഡൗണിലാക്കുമെന്നാണ് യമരാജന്റെ മുന്നറിയിപ്പ്. 

ഞാൻ യമരാജൻ. ഞാനാണ് കൊറോണ വൈറസ്. നിങ്ങൾ നിയമം പാലിച്ചില്ലെങ്കിൽ ഒരാൾ പോലും ഈ ഭൂമിയിൽ ബാക്കിയാകില്ല. ഞാനായിരിക്കും എല്ലാവരുടെയും മരണത്തിന് കാരണമാകുന്നത്. അശ്രദ്ധയോടെ ജീവിച്ചാൽ നിങ്ങളെ ഞാൻ എന്നോടൊപ്പം കൊണ്ടുപോകും. ഒരു കയ്യിൽ അരിവാളും മറുകൈയിൽ മൈക്കുമായി നിന്നാണ് യമരാജന്റെ പ്രസം​ഗം. പ്രസം​ഗം ശ്ര​ദ്ധിച്ചു കേട്ടുകൊണ്ട് ഇദ്ദേഹത്തിന് ചുറ്റും പൊലീസ് ഉദ്യോ​ഗസ്ഥർ നിൽക്കുന്നുണ്ട്. ആരും ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്. തൂവാല മുഖം മറയ്ക്കാൻ ഉപയോ​ഗിക്കണം. സോപ്പുപയോ​ഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. സാനിട്ടൈസർ ഉപയോ​ഗിക്കണം. അതുപോലെ മറ്റൊരാളിൽ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിങ്ങനെയൊക്കെ പറയുന്നത്. യമ​രജൻ പ്രസം​ഗത്തിൽ പറ‍ഞ്ഞു. 

യമരാജൻ എത്തിച്ചേരുന്ന സ്ഥലങ്ങളിലെല്ലാം ഇദ്ദേഹത്തെ ശ്ര​ദ്ധയോടെ ശ്രവിക്കാൻ തയ്യാറായി ഒരു കൂട്ടം ആളുകൾ ഉണ്ട്. കൊവിഡ് 19 വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് നിർദ്ദേശിക്കാൻ വേണ്ടിയാണ് ബഹ്റിച്ച് പൊലീസ് യമരാജനെ നിരത്തിലിറക്കിയിരിക്കുന്നത്. കൈ കഴുകേണ്ടതിന്റെയും മാസ്ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് യമരാജൻ എല്ലാവരോടും പറയുന്നത്. ബൗണ്ടി പൊലീസ് സ്റ്റഷനിലെ ലവ്കുശ് മിശ്ര എന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് യമരാജനായി വേഷമിട്ടിരിക്കുന്നത്.  483 കൊവിഡ് 19 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 31  പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 576 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. 8084 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. 
 

click me!