ഹഥ്രാസ് സന്ദർശനം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് കേസെടുത്തു

By Web TeamFirst Published Oct 2, 2020, 6:17 AM IST
Highlights

പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. 

ദില്ലി: ഹഥ്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസ്. 153 കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. 

ഹാത്രസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അതെ സമയം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാർ ഈക്കാര്യം അറിയിച്ചത്. എന്നാൽ ഇത് തെളിവ് നശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. വരും ദിവസങ്ങളിലും പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നാണ് കോൺഗ്രസിന്റെ തീരുമാനം. പൊലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിൻവലിക്കാൻ ജില്ലാ മജിസ്ട്രേറ്റ് സമ്മർദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. , കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി നേരിട്ട് വിളിപ്പിച്ചു. ഒക്ടോബർ 12 ന് ഹാജരാകാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. 

അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ കൈയേറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പരിപാടിക്കിടെ  ഹൈദരാബാദിൽ തെലങ്കാനയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. തെലങ്കാന കോൺഗ്രസ് നേതാവ്  ഫിറോസ് ഖാന്റെ നേതൃത്വത്തിലുള്ളവർ  എഎൻഐ റിപ്പോർട്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു. തെലങ്കാന പിസിസി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഢിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. 

click me!