
ലക്നൗ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പൊലീസ് പലതരം ശിക്ഷകൾക്ക് വിധേയമാക്കുന്ന നിരവധി വിഡിയോകളും പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുഡാൻ നഗരത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനാത്മകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ പൊരിവെയിലത്ത് തവളചാട്ടം ചാടിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ഇവരുടെ തോളിൽ ഭാരമേറിയ ബാഗമുണ്ട്. തൊട്ടടുത്ത് കയ്യിൽ ലാത്തിയുമായി നിൽക്കുന്ന ഉദ്യോഗസ്ഥനെയും കാണാം. യാത്ര ചെയ്യാൻ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ കാൽനടയായി വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു ഇവർ. ഇതിനിടയിൽ പൊലീസ് പിടിയിലാകുകയായിരുന്നു. ഇവരുടെ അഭ്യർഥനകൾ ഒന്നും ചെവിക്കൊള്ളാത്ത പൊലീസ് കൊടും ചൂടത്ത് നിരത്തിലൂടെ തവളച്ചാട്ടം ചാടിച്ച് അപമാനിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇതു തന്റെ അറിവോടെയല്ലെന്നും അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബൗഡാനിലെ പൊലീസ് മേധാവി അറിയിച്ചു. വിഡിയോയിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു വർഷം മാത്രം പ്രവർത്തിപരിചയമുള്ള ആളാണ്. മുതിർന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും അവർ മറ്റു പ്രദേശങ്ങളുടെ ചുമതലയിലായിരുന്നു. വളരെ നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ് നടന്നത്. അതിൽ ഖേദം പ്രകടിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും. പൊലീസ് മേധാവി പറഞ്ഞു. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്ന തൊഴിലാളികളെല്ലാം നൂറ് കണക്കിന് കിലോമീറ്റർ നടന്നാണ് വീടുകളിലെത്തുന്നത്. ഇത്തരം നിരവധി കാഴ്ചകളാണ് ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam