ഉത്തർപ്രദേശിൽ തുടർഭരണമോ? ഭരണവിരുദ്ധ വികാരമില്ലാതെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ

By Web TeamFirst Published Aug 18, 2021, 8:28 PM IST
Highlights


നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ നിങ്ങൾ ആർക്കാവും വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് യോ​ഗിക്കും ബിജെപിക്കും വോട്ട് ചെയ്യുമെന്നാണ് 48 ശതമാനം പേർ പറയുന്നത്. 

ഏഴ് മാസത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ തുടർഭരണത്തിനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടി ഏഷ്യാനെറ്റ് ന്യൂസ് - ജൻകീബാത്ത് സ‍ർവേ. ജൻകീ ബാത്തുമായി ചേർന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സർവേയിലാണ് യുപി മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് തുടരാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നത്. മുഖ്യമന്ത്രി കസേരയിലേക്കുള്ള മത്സരം യോ​ഗിയും അഖിലേഷ് യാദവും തമ്മിലായിരിക്കുമെന്നും ബിഎസ്പിയും മായാവതിയും ചിത്രത്തിൽ ഇല്ലെന്നുമുള്ള വ്യക്തമായ സൂചനയും സർവേയിൽ നിന്നും ലഭിക്കുന്നുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ നിങ്ങൾ ആർക്കാവും വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് യോ​ഗിക്കും ബിജെപിക്കും വോട്ട് ചെയ്യുമെന്നാണ് 48 ശതമാനം പേർ പറയുന്നത്. സമാജ് വാദി പാ‍ർട്ടി അധികാരത്തിൽ തിരിച്ചെത്തണമെന്ന് 36 ശതമാനം പേർ ആ​ഗ്രഹിക്കുന്നു. മറ്റുള്ള ആരെങ്കിലും അധികാരത്തിൽ വരണമെന്ന് 16 ശതമാനം താത്പര്യപ്പെടുന്നു. 

യോഗി സർക്കാർ തുടരണോ അതോ അഖിലേഷ് വരണോ എന്ന ചോദ്യത്തിന് 48 ശതമാനം പേരും യോ​ഗി എന്ന ഉത്തരമാണ് നൽകിയത്. അഖിലേഷ്  മുഖ്യമന്ത്രിയായി വരണമെന്ന്  40 ശതമാനം പേർ ആ​ഗ്രഹം പ്രകടിപ്പിക്കുന്നു. 12 ശതമാനം പേർ മറ്റാരെങ്കിലും എന്ന ഉത്തരമാണ് നൽകിയത്. 

ആരുടെ ഭരണകാലത്താണ് കൂടുതൽ അഴിമതി എന്ന സർവേയിലെ ചോദ്യത്തിന് അഖിലേഷ് യാദവിൻ്റെ ഭരണകാലത്ത് എന്നാണ് കൂടുതൽ പേരും മറുപടി പറഞ്ഞത്. അഖിലേഷ് യാദവ് സർക്കാരിൻ്റെ കാലത്ത് അഴിമതി നടന്നുവെന്ന് 48 ശതമാനം പേർ വിശ്വസിക്കുമ്പോൾ യോ​ഗി സർക്കാരിൻ്റെ കാലത്താണ് അഴിമതി കൂടതലെന്ന് 28 ശതമാനം പേരും മറിച്ച് മായാവതിയുടെ കാലത്തായിരുന്നു വലിയ അഴിമതിയെന്ന് 24 ശതമാനം പേരും വിശ്വസിക്കുന്നു. 

യോഗി/അഖിലേഷ്/മായാവതി സർക്കാരുകളുടെ കാലത്തെ ക്രമസമാധാനപാലനം വിലയിരുത്താൻ ആവശ്യപ്പെട്ടപ്പോൾ. അറുപത് ശതമാനം പേരും യോ​ഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ യുപിയിലെ ക്രമസമാധാന നില മെച്ചമായിരുന്നുവെന്ന് കരുതുന്നതായി പറഞ്ഞു.  അഖിലേഷിൻ്റെ കാലത്താണ് നിയമപാലനം നന്നായി നടന്നതെന്ന് 27 ശതമാനവും മായാവതിയുടെ ഭരണമായിരുന്നു സമാധാനപരമെന്ന് 13 ശതമാനവും അഭിപ്രായപ്പെട്ടു. 

വിലക്കയറ്റം തടയുന്നതിൽ യോ​ഗി സർക്കാർ പരാജയപ്പെട്ടെന്നാണ് 45 ശതമാനം പേരും കരുതുന്നത്. അഴിമതി തടയുന്നതിൽ യോ​ഗി ഭരണകൂടം പരാജയപ്പെട്ടെന്ന് 25 ശതമാനം പേരും കരുതുന്നു. റോഡുകൾ 20 ശതമാനം, വൈദ്യുതി 10 ശതമാനം എന്നിവയാണ് യോ​ഗി പരാജയപ്പെട്ട ഇതര വിഷയങ്ങൾ എന്നാണ് സർവേയിലെ കണ്ടെത്തൽ. 

ക്രമസമാധാനപാലനരം​ഗത്ത് യോ​ഗി സർക്കാർ മികച്ച പ്രകടനം കാഴ്ചവച്ചതായി 70 ശതമാനം പേർ സർവേയിൽ അഭിപ്രായപ്പെട്ടപ്പോൾ. റേഷൻ വിതരണത്തിൽ യോ​ഗി സർക്കാർ മികച്ച് നിന്നതെന്ന് 20 ശതമാനം പേർ അഭിപ്രായപ്പെടുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!