സ്കൂൾ വളപ്പിൽ ഓടിക്കയറിയ പുലി നായയെ കടിച്ചുകീറി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Feb 27, 2020, 11:57 AM IST
Highlights

ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. സ്കൂൾ പരിസരത്തുണ്ടായിരുന്ന നായയെ കടിച്ചുകീറിയ പുലി പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിമറഞ്ഞു. ​

കാൺപൂർ: സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ പുലിയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. പിലിഫിട്ട് കടുവാ സങ്കേതത്തിൽപ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുർ ഗ്രാമം. ഇവിടെനിന്നാണ് പുലി സ്കൂളിനുള്ളിലേക്ക് വന്നതെന്ന് അധികൃതർ പറയുന്നു.
 
ബുധനാഴ്ച ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം നടന്നത്. സ്കൂൾ പരിസരത്തുണ്ടായിരുന്ന നായയെ കടിച്ചുകീറിയ പുലി പെട്ടെന്ന് തന്നെ അവിടെ നിന്ന് ഓടിമറഞ്ഞു. ​ഗ്രൗണ്ടിൽ നിന്നിരുന്ന കുട്ടികൾ ഓടി ക്ലാസ് മുറിയിൽ കയറി വാതിൽ അടച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

പിന്നാലെ പ്രിൻസിപ്പൽ നിധി ദിവാകർ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി സ്കൂളിലും പരിസരപ്രദേശത്തും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്നു നടത്തിയ പരിശോധനയിൽ അത് വനത്തിലേക്ക് ഓടിമറഞ്ഞിരിക്കാമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ. കാൽപ്പാട് പരിശോധിച്ചതിൽനിന്ന് പ്രായമുള്ള ആൺപുലിയാണ് സ്കൂൾ വളപ്പിലെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂളിൽ വനംവകുപ്പ് വാച്ചർമാരുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ സ്കൂളിലേക്ക് തനിച്ച് വിടരുതെന്ന് രക്ഷകർത്താക്കൾക്ക് ഗ്രാമമുഖ്യൻ രഞ്ജിത്ത് സിം​ഗ് നിർദ്ദേശവും നൽകിയിട്ടുണ്ട്.

click me!