മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ്; സഭയില്‍ ബഹളം, പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചു

By Web TeamFirst Published Nov 30, 2019, 2:42 PM IST
Highlights

288 അംഗ നിയമസഭയില്‍ 145 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങള്‍ക്ക് 172 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ വിശ്വാസവോട്ടടെുപ്പ് തേടുന്നതിനു മുന്നോടിയായുള്ള സഭാ നടപടികള്‍ ആരംഭിച്ചു. സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കര്‍ ശാസിച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.

കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പ് എന്ന കടമ്പ അനായാസം കടക്കുമോ എന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണുള്ളത്. 288 അംഗ നിയമസഭയില്‍ 145 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങള്‍ക്ക് 172 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. ഇതിനുപുറമേ എട്ട് പേരുടെ പിന്തുണ കൂടി ഉറപ്പാണെന്നാണ് ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ ത്രികക്ഷി സഖ്യം പറഞ്ഞിരിക്കുന്നത്. 

ദേവേന്ദ്രഫഡ്നാവിസിന്‍റെ പോയിന്‍റ് ഓഫ് ഓര്‍ഡര്‍ പ്രോ ടൈം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് സഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രോ ടൈം സ്പീക്കര്‍ ഫഡ്നാവിസിനെ ശാസിക്കുകയും ചെയ്തു. സഭാ നടപടികള്‍ ചട്ടവിരുദ്ധമാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആരോപണം. സഭ തുടങ്ങേണ്ടത് വന്ദേമാതരം ആലപിച്ചാണെന്നും, ആ ചട്ടം പാലിക്കപ്പെട്ടില്ലെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്. വേറെയും ചട്ടലംഘനങ്ങള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. സഭാ നടപടികള്‍ പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് അല്‍പസമയത്തിനകം നടക്കും. 

click me!