
ഹൈദരാബാദ്: പതിവായി വൈദ്യുതി മുടങ്ങിയതിൽ കുപിതരായ നാട്ടുകാർ വൈദ്യുതി വകുപ്പിലെ ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുർഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. റീഡിങ് എടുക്കാൻ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാർ തൂണിൽ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്.
ശനിയാഴ്ച ഗ്രാമത്തിലേക്ക് റീഡിങ്ങിന് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്നും ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു.
വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി വിളിച്ചു പറയുമ്പോൾ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ ജീവനക്കാരുമായി വാക്കുതർക്കമായി. ഇതിൽ കുപിതരായ നാട്ടുകാർ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൂണിൽ ഉദ്യോഗസ്ഥരെ കെട്ടിയിടുകയായിരുന്നു. ഇവരിൽ ഒരാൾ ഓഫീസിൽ വിവരം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയറും പൊലീസ് സബ് ഇൻസ്പെക്ടറും സ്ഥലത്തെത്തി. ഇവർ നടത്തിയ ചർച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാൻ നാട്ടുകാർ തയ്യാറായത്. വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പുനൽകി. അതേസമയം, രണ്ട് ജീവനക്കാരുടെയും പരാതിയെ തുടർന്ന് നാട്ടുകാരായ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam