
ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ് മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ് മഹൽ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദമുള്ളത്.
ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും താജ് മഹൽ സൗജന്യമായി കാണാം. എല്ലാ വർഷവും ഉറൂസിൻ്റെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ഒരുക്കുന്നത്. സാധാരണ താജ് മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 50 രൂപയും, താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് താജ് മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ ടിക്കറ്റ് നിരക്ക്. മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1100 രൂപയാണ് നിരക്ക്. എല്ലാ വിദേശികൾക്കും താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയാണ് നിരക്ക്. സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള സമയങ്ങളിൽ ഇന്ത്യാക്കാർക്കും വിദേശികൾക്കും ടിക്കറ്റ് വിൻഡോയിൽ പോകാതെ നേരിട്ട് പ്രവേശിക്കാവുന്നതാണ്.
ഖുദ്ദാം-ഇ-റോസ കമ്മിറ്റിയാണ് ഉറൂസിൻ്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ചാദർ (ഖബറിന് മുകളിൽ വിരിക്കുന്ന തുണി) കബറിടത്തിൽ സമർപ്പിക്കുന്നതാണ് പ്രധാന ചടങ്ങ്. കഴിഞ്ഞ വർഷം സമർപ്പിച്ച ചാദറിന് 1640 മീറ്റർ ആയിരുന്നു നീളം. പതിവുപോലെ ഇത്തവണയും ഇതിൻ്റെ നീളം കൂട്ടും. കബറിടങ്ങൾ 'ഗുസ്‌ൽ' ചടങ്ങിലൂടെ ശുദ്ധീകരിക്കും. പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനയും നടക്കും. കബറിടത്തിൽ ചന്ദനം പൂശുന്നതിനൊപ്പം ഖുറാൻ പൂർണ്ണമായും പാരായണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam