
ചെന്നൈ: ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്താമെന്ന യുഎസ് അംബാസഡറുടെ നിർദേശം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തള്ളിയതായി റിപ്പോർട്ട്. യുഎസ് എംബസിയുടെ പരിപാടി നടന്ന ചെന്നൈയിലെ ഹോട്ടലിൽ വച്ച് കാണാം എന്ന സെർജിയോ ഗോറിന്റെ നിർദേശം ആണ് നിരസിച്ചത്. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് കാണുന്നതാകും ഉചിതം എന്ന് വിജയ് അറിയിച്ചു. തുടർന്ന് സെർജിയോ ഗോർ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.
ഇന്നലെ ആയിരുന്നു സെർജിയോ ഗോർ - വിജയ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. സാങ്കേതികവിദ്യ, ഉത്പ്പാദനം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച നടന്നെന്നാണ് റിപ്പോർട്ട്. വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ യു എസ് അംബാസഡർ ആശംസകൾ നേർന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് അംബാസഡർ നടത്തിയ ഒരു പരാമർശത്തിനെതിരെ തമിഴ്നാട്ടിലെ ബി ജെ പി നേതൃത്വം രംഗത്തെത്തി.
തമിഴ്‌നാടുമായുള്ള സഹകരണത്തെ "രണ്ട് രാഷ്ട്രങ്ങൾ" തമ്മിലുള്ള സഹകരണമെന്ന് യു എസ് അംബാസഡർ വിശേഷിപ്പിച്ചെന്നാണ് ആരോപണം. യു എസ് എംബസിയുടെ വാർത്താക്കുറിപ്പിൽ തിരുത്തൽ വരുത്തണമെന്ന് ബി ജെ പി നേതാവ് അശ്വത്ഥാമൻ ആവശ്യപ്പെട്ടു. തികച്ചും അനുചിതമായ പരാമർശമാണത്. ഇന്ത്യ എന്നത് ഒറ്റ പരമാധികാര രാഷ്ട്രമാണ്. ഔദ്യോഗിക നയതന്ത്ര ആശയവിനിമയങ്ങൾ ആ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഇതൊരു അബദ്ധം പറ്റി സംഭവിച്ചതാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തത്ര ഗൗരവമുള്ള കാര്യമാണെന്ന് ബി ജെ പി നേതാക്കൾ പറയുന്നു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബി ജെ പി നേതാവ് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam