എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പുറത്ത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവെന്നാണ് റിപ്പോർട്ടുകൾ
ദില്ലി: എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പുറത്ത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തെപ്പറ്റി എയർ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ചൊവ്വാഴ്ച്ചയാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്.
എയർ ഇന്ത്യ വിമാന(എ ഐ2379)മാണ് കടുത്ത ആകാശച്ചുഴിയിൽ പെട്ടത്. അപകടത്തിൽ 17 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിന്‍റെ മേൽത്തട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളിൽ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാർത്ഥനകളും കൊണ്ട് വിമാനത്തിനുള്ളിൽ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. തങ്ങൾ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനർജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ പരിക്കേറ്റ ഏഴ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


