നുണപ്രചാരണമെന്ന് പിഐബി; അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങ് അണിയിച്ചല്ല

Published : Feb 05, 2025, 09:11 PM IST
നുണപ്രചാരണമെന്ന് പിഐബി; അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങ് അണിയിച്ചല്ല

Synopsis

അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചും എത്തിച്ചെന്നത് നുണപ്രചാരണമെന്ന് പിഐബി

ദില്ലി: അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചുമല്ല ഇന്ത്യയിലെത്തിച്ചതെന്ന് പ്രസ് ഇൻഫ‍ർമേഷൻ ബ്യൂറോ. ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്ര സ‍ർക്കാ‍രിന് കീഴിൽ പ്രവ‍ർത്തിക്കുന്ന പിഐബി വിശദീകരിച്ചു.

കൈവിലങ്ങ് അണിയിച്ചും കാലുകൾ ബന്ധിച്ചും വിമാനത്തിലിരിക്കുന്ന യുവാക്കളുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ഇന്ന് രാവിലെ മുതൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമ‍ർശിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി-17 യുഎസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയവരെ തിരിച്ചെത്തിച്ചത്. അമേരിക്ക മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചു.

സാൻ ഡീഗോ മറീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തിൽ 40 മണിക്കൂ‍ർ യാത്ര ചെയ്‌ത ശേഷമാണ് ഇവർ അമൃത്‌സറിൽ ഇറങ്ങിയത്. ഫിലിപ്പീൻസ് വഴി മാലിദ്വീപിനടുത്തെത്തിയ ശേഷമാണ് വിമാനം ഇന്ത്യൻ വ്യോമ മേഖലയിലേക്ക് കടന്നത്. 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 33 പേർ വീതം തിരിച്ചെത്തി. പഞ്ചാബിൽ നിന്ന് 30 പേരുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.45 യുഎസ് അധികൃതരും വിമാനത്തുണ്ടായിരുന്നു.

തിരികെ എത്തിയ ഇന്ത്യക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിൻറെ നിലപാടിനെ ഇന്ത്യ നേരത്തെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നൽകിയത്. ട്രംപും നരേന്ദ്ര മോദിയും നടത്തിയ ചർച്ചയിൽ ഇക്കാര്യം ഉയർന്നോ എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്. ഇന്ത്യക്കാരെ വിലങ്ങുവച്ച് തിരിച്ചയച്ചത് അപമാനകരമെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. നാടുകടത്തൽ തടയാൻ വിദേശകാര്യ മന്ത്രാലയം ഇടപെടണം എന്ന് പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടു. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാർലമെൻറിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം