
ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം. 205 ഇന്ത്യൻ പൗരന്മാരുമായി ടെക്സാസിൽ നിന്ന് വിമാനം പറന്നുയർന്നെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്ന ഇത്തരത്തിലുള്ള നിരവധി വിമാനങ്ങളിൽ ആദ്യത്തേതാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു. സി-17 സൈനിക വിമാനമാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത്.
205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനങ്ങൾ പുറപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ആദ്യ റൗണ്ട് ആരംഭിച്ചത്. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്.
യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ നേരത്തെ പറഞ്ഞിരുന്നു. യുഎസിന്റെ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികൾക്ക് പിന്തുണ നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam