
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആതിഥ്യമരുളി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും വൈറ്റ് ഹൗസിൽ ജനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്ക്കെന്ന് ബൈഡൻ ചടങ്ങിൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ തനിക്ക് ലഭിച്ച വരവേൽപ്പ് 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗത്തിൽ പറഞ്ഞു.
Read More: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ബൈഡനും ഭാര്യയും നൽകിയ സമ്മാനങ്ങൾ ഇതൊക്കെ!
ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിതം അടക്കം പരാമർശിച്ചാണ് ഇന്ത്യാ - അമേരിക്ക ബന്ധത്തിന്റെ തീവ്രതയെ കുറിച്ച് ജോ ബൈഡൻ വാചാലനായി. അമേരിക്കയുടെ വളർച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ - അമേരിക്ക ബന്ധത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങൾ, രണ്ട് ഉറ്റസുഹൃത്തുക്കൾ, രണ്ട് ലോക ശക്തികൾ, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യൻ സമൂഹമാണ്. വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാർ. 30 വർഷങ്ങൾക്ക് മുൻപ് ഞാൻ അമേരിക്കയിൽ വന്നപ്പോൾ വൈറ്റ് ഹൗസ് പുറത്ത് നിന്നാണ് കണ്ടത്. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യാക്കാർക്ക് അതിഥേയത്വം അരുളാനായി വൈറ്റ് ഹൗസിന്റെ ഗേറ്റ് തുറക്കപ്പെടുന്നത്. ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം നിലനിർത്തുന്നതിനുള്ള പാലമായി വർത്തിക്കും. കൊവിഡിന് ശേഷമുള്ള ലോകക്രമത്തെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും. ലോക സമാധാനത്തിനും ലോകനന്മയ്ക്കും സ്ഥിരതയ്ക്കും പുരോഗതിക്കും ബന്ധം ശക്തിയേകുമെന്നും അദ്ദേഹം പറഞ്ഞു.