
ദില്ലി: എയ്‌റോ ഇന്ത്യ 2023ൽ അത്യാധുനിക യുദ്ധവിമാനമായ എഫ്-35എ അമേരിക്ക ഷോസ്റ്റോപ്പറായി അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്നാൽ, എഫ്-35എ യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകാൻ ഇതുവരെ പദ്ധതികളൊന്നും ഇല്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
എഫ്-35എ ഡെമോൺസ്ട്രേഷൻ ടീം ഇതിനകം തന്നെ പങ്കാളിത്തം ഷോയിലെ പങ്കാളിത്തം സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. "ഇന്ത്യക്കായി ബംഗളൂരുവിൽ എയറോ ഇന്ത്യ ഷോയിൽ പറക്കും എന്നതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് ഷോയിൽ അഞ്ചാം തലമുറ വ്യോമശക്തിയെ പ്രതിനിധീകരിക്കുന്നത് ഞങ്ങളുടെ സംഘത്തിന് ഒരു ബഹുമതിയാണ്. ഇന്ത്യയുമായും മറ്റ് അന്താരാഷ്ട്ര ശക്തികളുമായും ഞങ്ങളുടെ (അമേരിക്ക) ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു". എഫ്-35എ ഡെമോൺസ്ട്രേഷൻ ടീം ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
“എഫ്-35എ ഈ എയർഷോയ്ക്ക് വരുന്നു എന്ന് പറയുമ്പോൾ, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനത്തെ ഇന്ത്യയുടെ പ്രീമിയർ എയർ ഷോയിലേക്ക് കൊണ്ടുവരിക എന്നാണ്. ഞങ്ങളുടെ (അമേരിക്ക) പങ്കാളിയെ (ഇന്ത്യയെ) നയപരമായ രീതിയിൽ പിന്തുണയ്ക്കുക എന്നാണ്". ഇന്ത്യയിലെ യുഎസ് എംബസി സീനിയർ ഡിഫൻസ് ഉദ്യോഗസ്ഥനും ഡിഫൻസ് അറ്റാച്ചുമായ റിയർ അഡ്മിറൽ മൈക്കൽ ബേക്കർ പറഞ്ഞു. "ഇവ ഞങ്ങൾ കൊണ്ടുവരുന്ന വിമാനങ്ങൾ മാത്രമല്ല. ഇന്ത്യയുടെ എയർഷോയെ പിന്തുണയ്ക്കാനും ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തിയും അടുപ്പവും പ്രകടിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു. അത് ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയാണ്. ഈ എയർ ഷോയിൽ ഇന്ത്യയെ പിന്തുണയ്‌ക്കുന്നതിനായി ഇപ്പോൾ യെലഹങ്കയിൽ (എയർ ബേസ്) രണ്ട് എഫ്/എ 18 സൂപ്പർ ഹോർനെറ്റ് വിമാനങ്ങളുണ്ട്. നിലവിൽ ഇവിടെ അമേരിക്കയ്ക്ക് രണ്ട് എഫ്/എ 18 വിമാനങ്ങളുണ്ട്, രണ്ട് എഫ്-16 വൈപ്പറുകളുമുണ്ട്. ആകാശത്തേക്ക് കണ്ണുനട്ടിരിക്കുക, ബാക്കിയുള്ള വിമാനങ്ങൾക്കായി വരുന്ന ആഴ്ച കാത്തിരിക്കുക". അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ വിമാനങ്ങൾ പ്രതിദിന വ്യോമ പ്രദർശനങ്ങൾ നടത്തും. അതേസമയം F/A-18E, F/A-18F സൂപ്പർ ഹോർനെറ്റ് എന്നിവ നിശ്ചല പ്രദർശനത്തിനു മാത്രമുള്ളതാണ്. എഫ് 35എ വിമാനം ഇന്ത്യക്കു നൽകിയേക്കുമെന്ന അഭ്യൂഹം മൈക്കൽ ബേക്കർ നിഷേധിച്ചു. " വിമാനം കൈമാറുന്നത് സംബന്ധിച്ച് അത്തരം ഉന്നതതല ചർച്ചകൾ ഉണ്ടായിട്ടില്ല. ഇന്ത്യ ഞങ്ങളോട് അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ സ്വന്തം ഭാവി പോരാളികളെ നിർമ്മിക്കുന്നതിൽ വളരെയധികം ശ്രദ്ധ നൽകുന്നുണ്ട്. എഫ് -35എ വിദേശ വിൽപനയ്ക്കുള്ളതല്ല. ഇന്തോ പസഫിക് മേഖലയിലുടനീളം പ്രതിരോധവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ പ്രതിരോധ പങ്കാളിത്തമാണ് നിലവിലുള്ളത്. ഇന്ത്യൻ വ്യോമസേനയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന അമേരിക്കൻ വ്യോമസേനയെ കാണാനുള്ള അവസരം ഈയാഴ്ച നിങ്ങൾക്ക് ലഭിക്കും." മൈക്കൽ ബേക്കർ പറഞ്ഞു.
Read Also: ഇന്ത്യ- യുഎസ് സംയുക്ത നിർമ്മിത ഡ്രോണിന്റെ പരീക്ഷണ പറക്കൽ സെപ്തംബറിൽ തുടങ്ങും