
ലക്നോ: വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താനുള്ള ശ്രമം തടഞ്ഞ ബൂത്ത് ലെവൽ ഓഫീസറെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാർഖെഡ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സൂരജ്പാൽ വർമ എന്നയാളാണു കൊല്ലപ്പെട്ടത്. സ്കൂൾ അധ്യാപകനായ സൂരജിനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസറായി നിയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസം പല്ലവ് ജയ്സ്വാൾ എന്നയാൾ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്താൻ സൂരജ്പാലിനെ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ ഇയാൾ മർദിച്ചെന്നുമാണ് ആരോപണം. സൂരജ്പാലിനു ബോധം നഷ്ടപ്പെട്ടതോടെ ജയ്സ്വാൾ ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്നു മകൻ സ്ഥലത്തെത്തി സൂരജ്പാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
അതേസമയം, പോസ്റ്റ്മോർട്ടത്തിൽ സുരജ്പാലിനു പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും ജയ്സ്വാളിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam