
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധഭീഷണി സന്ദേശം. 'മുഖ്യമന്ത്രി യോഗിയെ ഉടനെ വധിക്കും' എന്നാണ് ഭീഷണി. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് ടോള്‍ ഫ്രീ നമ്പറില്‍ വധഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. ഈ മാസം ഇത് രണ്ടാമത്തെ ഭീഷണി സന്ദേശമാണ് യോഗി ആദിത്യനാഥിനെതിരെ വരുന്നത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരന്‍ സന്ദേശം അയച്ചത്.
ബിഹാർ സ്വദേശിയായ വിദ്യാർത്ഥിയാണ് ഭീഷണി സന്ദേശം അയച്ചത്. വിദ്യാര്‍ത്ഥിയെ ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. "ഏപ്രിൽ 3-ന് രാത്രി 10:23-ന് ആണ് ഇമെയിൽ സന്ദേശമായി ചാനലിന് വധഭീഷണി സന്ദേശം എത്തിയത്. ഇത് ചാനള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുക്കുകയും വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
കേരള സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വധ ഭീഷണി ഉയർന്നിരുന്നു. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തെഴുതിയയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറാണ് പിടിയിലായത്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജോണി ജോസഫ് എന്നയാളുടെ പേരിലായിരുന്നു കത്ത് ലഭിച്ചത്.
Read More : പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു, കൊടും ക്രൂരത; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam