വിൽപ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികളിലൂടെ ജീപ്പോടിച്ച് കയറ്റി പൊലീസുകാരൻ, വീഡിയോ പുറത്ത്, നടപടി

By Web TeamFirst Published Jun 6, 2020, 11:02 AM IST
Highlights

പൊലീസ് വാഹനം ചന്തയിലൂടെ അശ്രദ്ധമായി വരുന്നതും ആളുകള്‍ രക്ഷതേടി ഓടുന്നതും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മുകളിലൂടെ വാഹനം പാഞ്ഞു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

ലഖ്നൗ: വിൽക്കാൻ വച്ചിരുന്ന പച്ചക്കറിയ്ക്ക് മുകളിൽ ജീപ്പോടിച്ച് കയറ്റിയ സംഭവത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൂര്‍പുരിലുള്ള മാർക്കറ്റിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസുകാരനെതിരെ നടപടി എടുത്തത്. ഇയാളെ സ്ഥലം മാറ്റിയതായും ഉന്നത ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പൊലീസ് വാഹനം ചന്തയിലൂടെ അശ്രദ്ധമായി വരുന്നതും ആളുകള്‍ രക്ഷതേടി ഓടുന്നതും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മുകളിലൂടെ വാഹനം പാഞ്ഞു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ രണ്ടു ദിവസമായി ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം മാര്‍ക്കറ്റിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കാത്തതിൽ പ്രകോപിതനായാണ് പൊലീസുകാരൻ ഈ പ്രവ‍ൃത്തി ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തുവെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രയാഗ് രാജ് പൊലീസ് മേധാവി സത്യാര്‍ഥ് പങ്കജ് അറിയിച്ചു.

click me!