
ലഖ്നൗ: ഉത്തർപ്രദേശിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈദ്യുതി മുതൽ എല്ലാ മേഖലകളിലും സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം വാണിജ്യ മേഖലയിൽ സംസ്ഥാനം സ്വീകരിച്ച പുതിയ സമീപനം ഇന്ത്യയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപി ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വാണിജ്യമേഖലയുടെ പുരോഗതിക്കായി ഉത്തർപ്രദേശ് അതിന്റെ ചിന്താഗതിയും സമീപനവും മാറ്റി. അത് ഇന്ത്യയുടെ വളർച്ചയ്ക്കും സഹായകമാണ്. സൽഭരണത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് ഇന്ന് ഉത്തർപ്രദേശ്. ഡയറി, ഫിഷറീസ്, കൃഷി, ഭക്ഷ്യ സംസ്കരണ മേഖലകൾ എന്നിവയിൽ നിരവധി പുതിയ സംരംഭങ്ങൾ സംസ്ഥാനത്തുണ്ട്." പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയെ നയിക്കുന്നതിൽ യുപിയാണ് മുന്നിലുള്ളത്. നിക്ഷേപകരുടെ ഒരു വലിയ കേന്ദ്രമായി യുപി ഉയർന്നുവരുന്നു എന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
യുപിയിൽ വികസനം കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് ആളുകൾ പറയാറുണ്ടായിരുന്നു. ഇവിടെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ കഴിയില്ല, ഇവിടം അഴിമതികൾക്ക് പേരുകേട്ടതാണ് എന്നൊക്കെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. യുപിയെക്കുറിച്ച് ആർക്കും പ്രതീക്ഷയില്ലായിരുന്നു. എന്നാൽ, ആ ചിന്തകളെല്ലാം അപ്രസക്തമാണെന്ന് തെളിഞ്ഞു. സാമൂഹികവും ഭൗതികവുമായത് മാത്രമല്ല ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയും ഉത്തർപ്രദേശിന് വളരെയധികം പ്രയോജനം ലഭിച്ചു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആഗോള നിക്ഷേപക ഉച്ചകോടി. മൂന്ന് ദിവസമാണ് സംഗമം. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രമുഖ വ്യവസായികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അശ്വിനി വൈഷ്ണവ്, ജി കിഷൻ റെഡ്ഡി, ആർ കെ സിംഗ്, സ്മൃതി സുബിൻ ഇറാനി, പശുപതി കുമാർ പരാസ് എന്നിവരുൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
Read Also: 'കൗ ഹഗ് ഡേ'; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam