കൊവിഡ് വാക്സിനേഷൻ പദ്ധതിക്കായി 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

By Web TeamFirst Published May 14, 2021, 1:25 PM IST
Highlights

കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും 4000 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

ലക്നൗ: വാക്സീൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഫൈസർ കമ്പനിയുമായും റഷ്യയുടെ സ്പുട്നിക് V നിർമ്മാതാക്കളുമായും ഉത്തർപ്രദേശ് സർക്കാർ ചർച്ച നടത്തിയതായി ഔദ്യോ​ഗിക വക്താവ് അറിയിച്ചു. കൊറോണ വൈറസ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ പല സംസ്ഥാനം വാക്സിനേഷൻ നിർത്തിവെച്ചിരിക്കുന്ന സാഹചര്യവുമുണ്ട്. കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും 4000 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ കമ്പനികളുമായി ചർച്ച നടത്തിയതായി സംസ്ഥാന വക്താവ് നവ്നീത് സെഹ്​ഗാൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ആ​ഗോള ടെണ്ടറിലൂടെ വാക്സീൻ വാങ്ങാനാണ് ശ്രമം. ജോൺസൺ ആന്റ് ജോൺസൺ കമ്പനി വാക്സീൻ വാങ്ങാനുള്ള ടെണ്ടറിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി ഇ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും സെഹ്​ഗാൾ വെളിപ്പെടുത്തി. പത്തോളം സംസ്ഥാനങ്ങൾ വാക്സീൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്.

കർണാടക, ഉത്തരാഖണ്ഡ്, ദില്ലി, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വിളിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പുറത്ത് നിന്ന് വാക്സീൻ വാങ്ങുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്. 
 

click me!