ബിജെപിക്കുള്ളിൽ കലാപം, ഉത്തരാഖണ്ടിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഭൂരിപക്ഷം എംഎൽഎമാർ

By Web TeamFirst Published Mar 9, 2021, 1:27 PM IST
Highlights

ദില്ലിയിലെത്തി ത്രിവേന്ദ്ര സിംഗ് റാവത്ത് പാർട്ടി കേന്ദ്ര നേതാക്കളെ കണ്ടു. ഉപാദ്ധ്യക്ഷൻ രമൺസിംഗ് ഉൾപ്പടെ മൂന്ന് കേന്ദ്ര നിരീക്ഷകരെ പാർട്ടി ഉത്തരാഖണ്ടിലേക്കയച്ചു

ദില്ലി: ഉത്തരാഖണ്ട് ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റണമെന്ന് ഭൂരിപക്ഷം പാർട്ടി എംഎൽഎമാരും കേന്ദനേതൃത്വത്തോട് ആവശ്യപ്പെട്ടു. ത്രിവേന്ദ്ര സിംഗ് റാവത്ത് വൈകിട്ട് ഗവർണ്ണറെ കാണും.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് എംഎൽഎമാരുടെ പരാതി. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ചില എംഎൽഎമാരുടെ ഭീഷണിയുണ്ട്. ഇന്നലെ ദില്ലിയിലെത്തി ത്രിവേന്ദ്ര സിംഗ് റാവത്ത് പാർട്ടി കേന്ദ്ര നേതാക്കളെ കണ്ടു. ഉപാദ്ധ്യക്ഷൻ രമൺസിംഗ് ഉൾപ്പടെ മൂന്ന് കേന്ദ്ര നിരീക്ഷകരെ പാർട്ടി ഉത്തരാഖണ്ടിലേക്കയച്ചു. എല്ലാ എംഎൽഎമാരുമായും കേന്ദ്ര നിരീക്ഷകർ സംസാരിച്ചു. സ്ഥിതി അമിത് ഷാ വിലയിരുത്തി. 

നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്നതിൽ തീരുമാനം ഉടൻ എടുക്കാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വം എംഎൽഎമാരെ അറിയിച്ചത്. എന്നാൽ എംഎൽഎമാർ വഴങ്ങിയില്ല. ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റിയാൽ കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കിനെ സംസ്ഥാനത്തേക്ക് അയക്കണോ എന്നും ആലോചിക്കേണ്ടി വരും. ത്രിപുരയിലെ മുഖ്യമന്ത്രിക്കെതിരെയും സമാന നീക്കം നടക്കുമ്പോഴാണ് ഉത്തരാഖണ്ടിലെ ഈ പ്രതിസന്ധി. ഉത്തർപ്രദേശിനൊപ്പം അടുത്തവർഷം പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഉത്തരാഖണ്ടിലെ പ്രതിസന്ധി ബിജെപിക്ക് വലിയ തിരിച്ചടിയായേക്കും. 

click me!