
ദില്ലി: ഉത്തരാഖണ്ഡ് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നാല് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസ് അപകടത്തില്‍ പെട്ടത്. ഉത്തരകാശിയിലെ യമുനോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. ബസ് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ പന്ന ജില്ലയില്‍നിന്നും ഉത്തരകാശിയിലെ യമുനോത്രിയിലേക്ക് 30 പേരുമായി പോയ ബസാണ് നൂറ്റമ്പതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.15 പേർ അപകട സ്ഥലത്ത് തന്നെ മരിച്ചു. 11 പേർ ആശുപത്രിയിലും മരിച്ചു.
ബസിന്‍റെ സ്റ്റിയറിംഗ് തകരാറാണ് അപകടകാരണമെന്ന് ഡ്രൈവർ മൊഴി നല്‍കിയെങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിംഗ് ധാമി പറഞ്ഞു. ഇന്നലെ രാത്രിതന്നെ ഡെറാഡൂണിലെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മൃതദേഹങ്ങൾ സൈനിക ഹെലികോപ്റ്ററില്‍ നാട്ടിലെത്തിക്കുമെന്നറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും . ഇന്നലെ രാത്രി തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും മറ്റും ഡെഹ്റാഡൂണിലേക്ക് തിരിച്ചിരുന്നു.